
1971ൽ കിഴക്കൻ പാകിസ്ഥാനെ ബംഗ്ളാദേശ് എന്ന സ്വതന്ത്ര രാജ്യമാക്കി മാറ്റുന്നതിൽ വലിയ പങ്ക് ഇന്ത്യയ്‌ക്കുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് അതിന് പിന്നിലുണ്ടായിരുന്നത്. അരനൂറ്റാണ്ടിനിപ്പുറം 2024 ഓഗസ്റ്റ് മാസത്തിൽ ബംഗ്ളാദേശിലുണ്ടായ വിദ്യാർത്ഥി കലാപവും അതിനെത്തുടർന്നുള്ള പട്ടാള നടപടികളും അവസാനിച്ചത് ഭരണാധികാരി ഷെയ്‌ഖ് ഹസീനയുടെ പലായനത്തിലാണ്.
ഷെയ്‌ഖ് ഹസീനയുടെ പലായനം
ഇന്ത്യയിൽ അഭയം പ്രാപിച്ച ഷെയ്ഖ് ഹസീനയെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാരിനോട് അന്നുമുതൽ ബംഗ്ളാദേശ് ഭരണകൂടം ആവശ്യപ്പെടുന്നുണ്ട്. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനാണിത്. എന്നാൽ അവർ ഇന്ത്യ വിട്ട് പോയിട്ടില്ല. ഇപ്പോൾ നൊബേൽ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാർ ഇന്ത്യയുമായി ഈ കാരണം കൊണ്ട് ഒട്ടും നല്ല ബന്ധത്തിലല്ല.
സിലിഗുരി ഇടനാഴി പ്രശ്‌നം
നയതന്ത്ര ബന്ധം ഏതാണ്ട് യുദ്ധം പോലെയാണ് മുന്നോട്ടുപോകുന്നത്. ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന ബംഗാളിലെ സിലിഗുരി ഇടനാഴിയെക്കുറിച്ച് ചൈന സന്ദർശനത്തിനിടെ മുഹമ്മദ് യൂനുസ് നടത്തിയ പരാമർശം വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ ചുറ്റപ്പെട്ടതാണെന്നും സമുദ്രമാർഗത്തിൽ അവരുടെ ഏക രക്ഷകർത്താവ് ബംഗ്ളാദേശ് ആണെന്നുമായിരുന്നു വാദം. ഇന്ത്യ ഇതിനെതിരെ ശക്തമായാണ് പ്രതികരിച്ചത്. ബംഗ്ളാദേശിലേക്കുള്ള ചില കയറ്റുമതി ഇന്ത്യ നിർത്തി. മാത്രമല്ല പ്രദേശത്ത് പകരം പദ്ധതികൾ ഇന്ത്യ വേഗം കൂട്ടി. യൂനുസിന് പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
മാദ്ധ്യമങ്ങളെ നിരോധിക്കാനുള്ള ശ്രമം
കഴിഞ്ഞ ദിവസങ്ങളിലും പ്രകോപനപരമായ നടപടികൾ യൂനുസ് സർക്കാർ നടപ്പാക്കി. ഇന്ത്യൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തിയ സർക്കാർ ഇറക്കുമതിയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ത്യൻ മാദ്ധ്യമങ്ങളെ നിരോധിക്കാനുള്ള ശ്രമം ആരംഭിച്ചു. സർക്കാരിനെതിരായ പ്രതിഷേധത്താൽ രാജ്യത്തെ തെരുവുകൾ പ്രക്ഷുബ്ദമാകുമ്പോഴാണിത്.
ഇന്ത്യൻ മാദ്ധ്യമങ്ങളെ 'പടിഞ്ഞാറൻ മാദ്ധ്യമങ്ങളും അവരുടെ ചെരുപ്പ് നക്കുന്ന പ്രതിരൂപങ്ങളും' എന്നാണ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൾ അലം വിളിച്ചത്. ഷെയ്ഖ് ഹസീനയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിനായിരുന്നു ഇത്. ഇതിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ ഇതോടെ പിന്മാറുന്നതിന് പകരം കൂടുതൽ പ്രകോപനത്തോടെ യൂനുസ് ഭരണകൂടം ഇന്ത്യയോട് പെരുമാറുന്നതാണ് പിന്നെ കണ്ടത്.
ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈകമ്മീഷണറെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുകയും ഒളിച്ചോടിപ്പോയ കുറ്റവാളിയെന്ന് ഷെയ്‌ഖ് ഹസീനയെ വിളിക്കുകയും അവരുടെ അഭിമുഖം നടത്തിയ ഇന്ത്യൻ മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്‌തു.

അവാമി ലീഗിനെ നിരോധിച്ചു
ഇക്കഴിഞ്ഞ മേയ് മാസത്തിൽ തീവ്രവാദ വിരുദ്ധ നിയമപ്രകാരം ഷെയ്‌ഖ് ഹസീനയുടെ അവാമി ലീഗിനെ യൂനുസ് രാജ്യത്ത് നിരോധിച്ചു. ഒന്നര പതിറ്റാണ്ട് ബംഗ്ളാദേശിനെ തുടർച്ചയായി ഭരിച്ച പാർട്ടിക്കാണ് യൂനുസ് നിരോധനം കൊണ്ടുവന്നത്. പാർട്ടിയെ നിരോധിച്ചാൽ 2026 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പ് രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾ ബഹിഷ്‌കരിക്കുമെന്ന് ഷെയ്‌ഖ് ഹസീന മറുപടി നൽകി.
അന്താരാഷ്‌ട്ര ക്രൈംസ് ട്രിബ്യൂണൽ കഴിഞ്ഞവർഷം നടന്ന ആക്രമണ സംഭവങ്ങളിൽ ഷെയ്‌ഖ് ഹസീനക്കെതിരെ ഇന്ന് വിധി പറയാൻ ഒരുങ്ങുകയാണ്. ഈ ട്രിബ്യൂണലിലെ വാദം തള്ളിക്കളഞ്ഞ ഷെയ്ഖ് ഹസീന ഹേഗിലെ അന്താരാഷ്‌ട്ര കോടതിയിൽ കേസ് മാറ്റണം എന്നും ആവശ്യപ്പെട്ടു. ഷെയ്‌ഖ് ഹസീനയ്‌ക്ക് വധശിക്ഷ വിധിക്കും എന്നാണ് ധാരണ. ഇക്കാരണത്താൽ ബംഗ്ളാദേശിലാകെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രക്ഷോഭം നടക്കുകയാണ്.
നവംബർ 11നും 12നും യൂനുസിന്റെ സ്ഥാപനമായ ഗ്രാമീൺ ബാങ്കിനുനേരെ ആക്രമണങ്ങളുണ്ടായി. പെട്രോൾ ബോംബുകളും മറ്റ് സ്‌ഫോടകവസ്‌തുക്കളും ബാങ്കിന് നേരെ പ്രയോഗിക്കപ്പെട്ടു. ഇന്ത്യയാകട്ടെ ബംഗ്ളാദേശിനുള്ള ട്രാൻസ്‌ഷിപ്പ്മെന്റ് അവകാശങ്ങൾ കുറച്ചു, ഹസീനയെ കൈമാറാനുള്ള ആവശ്യവും തള്ളി.

സൈനികബലം വർദ്ധിപ്പിച്ച് ഇന്ത്യ
ഭൂട്ടാൻ, നേപ്പാൾ, ബംഗ്ളാദേശ്, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സിലിഗുരി ഇടനാഴിക്ക് സമീപം ഇന്ത്യ വൻതോതിൽ സൈനിക ബലം വർദ്ധിപ്പിക്കുന്നതും നടപ്പാക്കി. ഇതെക്കുറിച്ച് ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ലെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയ്‌ക്കായി ശക്തമായ സുരക്ഷാസംവിധാനം തന്നെ ഇന്ത്യ നടപ്പാക്കി കഴിഞ്ഞു. ഒരുകാലത്ത് ഏറെ ഊഷ്‌മളമായ ഇന്ത്യ-ബംഗ്ളാദേശ് ബന്ധം യൂനുസ് സർക്കാർ വന്നതോടെ പാടേ തകർച്ചയിലേക്ക് നീങ്ങുന്നതാണ് ഇപ്പോൾ കാണുന്നത്. ഇത് മുഹമ്മദ് യൂനുസിന്റെയും ബംഗ്ളാദേശിലെ പുതിയ ഭരണസംവിധാനത്തിന്റെയും തകർച്ചയ്‌ക്ക് തന്നെ ഇടയാക്കും എന്നാണ് വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |