SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.06 PM IST

ഹസീനയ്ക്ക് വധശിക്ഷ; കവചമായി ഇന്ത്യ , പ്രക്ഷോഭം അമർച്ചചെയ്യാൻ കൂട്ടക്കൊലയെന്ന് കോടതി

Increase Font Size Decrease Font Size Print Page
haseena


വിട്ടുനൽകണമെന്ന് ഇന്ത്യയോട് ബംഗ്ളാദേശ്

ധാക്ക: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അധികാരമൊഴിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് (78)​ സ്വന്തം രാജ്യത്തെ കോടതി വധശിക്ഷ വിധിച്ചു.

അഞ്ചുതവണ ബംഗ്ളാദേശിന്റെ പ്രധാനമന്ത്രിയാവുകയും ദക്ഷിണേഷ്യയിലെ ഏറ്റവും ശക്തയായ വനിതാ പ്രധാനമന്ത്രിയെന്ന ഖ്യാതി നേടുകയും ചെയ്ത ഹസീന വിധി പ്രസ്താവത്തെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ഇന്ത്യയിൽ പ്രതികരിച്ചു.

ഹസീനയെ വിട്ടുകിട്ടണമെന്ന മുറവിളി ബംഗ്ളാദേശിൽ ഉയരുന്നുണ്ടെങ്കിലും ഇന്ത്യ വഴങ്ങാനുള്ള സാദ്ധ്യത വിരളമാണ്. ക്രിയാത്മകമായി ഇടപെടുമെന്നാണ് ഇന്ത്യയുടെ പ്രതികരണം.

കുറ്റവാളികളെ കൈമാറാൻ ഉടമ്പടി ഒപ്പുവച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രേരിതമായ കേസുകൾ ഒഴിച്ചുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രതികളെ കൈമാറാമെന്നാണ് വ്യവസ്ഥ. ഹസീന പ്രധാനമന്ത്രിയായിരിക്കേ, ഒപ്പുവച്ച ഉടമ്പടിയിലെ ഈ വ്യവസ്ഥ സ്വന്തം സുരക്ഷാ കവചമായി.
തൊഴിൽ സംവരണത്തിനും അഴിമതിക്കും എതിരെ യുവാക്കളും വിദ്യാർത്ഥികളും തുടങ്ങിയ പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചതോടെ 1,​400ഓളം പേർ കൊല്ലപ്പെട്ടതാണ് കേസിന് ആധാരം. കൊലക്കുറ്റം, രാജ്യദ്രോഹം, കലാപം അടക്കം ഹസീനയ്ക്കെതിരെ ചുമത്തിയ ഇരുന്നൂറിലേറെ കേസുകൾ കൂട്ടത്തോടെ വിചാരണ ചെയ്ത് വധശിക്ഷ വിധിക്കുകയായിരുന്നു. 179 കേസുകളിൽ കൊലക്കുറ്റമാണ് ചുമത്തിയത്.

' മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ " നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണൽ (ഐ.സി.ടി) വധശിക്ഷ വിധിച്ചത്. മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമലിനും വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് വിട്ട ഖാൻ എവിടെയെന്ന് വ്യക്തമല്ല.മുൻ പൊലീസ് മേധാവിക്ക് അഞ്ചു വർഷത്തെ തടവും വിധിച്ചു.

പ്രതിഷേധക്കാരെ ഡ്രോണുകൾ ഉപയോഗിച്ച് കണ്ടെത്താനും അവരെ കൊല്ലാൻ ഹെലികോപ്റ്ററുകളും മാരകായുധങ്ങളും ഉപയോഗിക്കാനും ഹസീന നിർദ്ദേശിച്ചെന്ന് വിധിയിൽ പറയുന്നു. ഹസീന പുറത്തായതോടെ സമാധാന നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് അധികാരത്തിൽ. ഫെബ്രുവരിയിൽ പൊതുതിരഞ്ഞെടുപ്പ് നടത്താനിരിക്കേയാണ് വിധി.

സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. പക്ഷേ, കീഴടങ്ങണം. ജനാധിപത്യ സർക്കാർ അധികാരത്തിലേറാതെ രാജ്യത്ത് അപ്പീൽ നൽകില്ലെന്ന് ഹസീനയുടെ മകൻ സജീദ് പറഞ്ഞു. ഹസീനയുടെ അഭിഭാഷകർ യു.എന്നിനെ സമീപിച്ചിട്ടുണ്ട്.

അഭയം തേടി ഇന്ത്യയിൽ

2024 ജൂലായ്-ആഗസ്റ്റ് കാലയളവിലായിരുന്നു പ്രക്ഷോഭം.

2024 ആഗസ്റ്റ് 5ന് പ്രക്ഷോഭം ശക്തമായതോടെ ഹസീന രാജിവയ്ക്കണമെന്ന് സൈന്യത്തിന്റെ അന്ത്യശാസനം. പ്രക്ഷോഭകർ വസതിയിലേക്ക് ഇരച്ചുകയറുമെന്നതായതോടെ ഹസീന രാജ്യംവിടാൻ നിർബന്ധിതയായി. ഇന്ത്യയിൽ അഭയം തേടി.

ബംഗ്ളാദേശിന്റെ വിമോചക നായകനും ആദ്യ പ്രസിഡന്റുമായ പിതാവ് ഷേയ്ക്ക് മുജീബ് ഉൾ റഹ്മാനും കുടുംബാംഗങ്ങളും1975ൽ കൂട്ടക്കൊലയ്ക്ക് ഇരയായപ്പോഴും ഹസീനയ്ക്കും സഹോദരി രഹ്നയ്ക്കും അഭയമായത് ഇന്ത്യയാണ്.

വിധിക്കെതിരെ ഹസീന

 തനിക്ക് അനുകൂല നിലപാടെടുത്ത ജഡ്ജിമാരെയും അഭിഭാഷകരെയും പുറത്താക്കുകയോ നിശബ്ദമാക്കുകയോ ചെയ്തു. തന്റെ അഭിഭാഷകരെ അനുവദിച്ചില്ല

 കോടതി തന്നെയും തന്റെ പാർട്ടി അംഗങ്ങളെയും മാത്രം ലക്ഷ്യമിട്ടു

 കലാപത്തെപ്പറ്റി അന്വേഷിക്കാൻ അവർ തയ്യാറല്ല. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടതിലും മൗനം

 ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാത്ത ഒരു സർക്കാരിലെ തീവ്രവാദികളുടെ ദുരുദ്ദേശ്യം വെളിപ്പെടുത്തുന്നതാണ് വിധി

TAGS: NEWS 360, WORLD, WORLD NEWS, HASEENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY