
കോഴിക്കോട്: കുട്ടിക്കാലത്ത് ട്രാക്കിൽ ഓടിയിട്ടില്ലങ്കിലും അമ്പതാം വയസിൽ ജ്യോതിലക്ഷ്മിയെ കാത്തിരിക്കുന്നത് ലോക ചാമ്പ്യൻഷിപ്പാണ്. ഇച്ഛാശക്തിയും സ്വപ്രയത്നവും കരുത്താക്കി ലോക മാസ്റ്റേഴ്സ് അത‌്ലറ്റിക് ചാമ്പ്യൻഷിപ്പിൽ തിളങ്ങാൻ ഒരുങ്ങുകയാണ് കുന്നംകുളം വെള്ളറക്കാട് കണിശ്ശേരി വീട്ടിൽ ജ്യോതിലക്ഷ്മി. സൗത്ത് കൊറിയയിലെ ഡേഗുവിൽ അടുത്ത ആഗസ്റ്റിലാണ് മത്സരം. ചെന്നെെയിൽ നടന്ന ഏഷ്യ മാസ്റ്റേഴ്സ് അത‌്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5,000 മീറ്റർ നടത്തത്തിൽ വെങ്കലവും 2,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വെള്ളിയും 5,000 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനവും സ്വന്തമാക്കിയാണ് ലോകമീറ്റിന് യോഗ്യത നേടിയത്.
രണ്ടുകൊല്ലം മുമ്പ് മണ്ണൂത്തി വെറ്ററിനറി കോളേജിൽ താത്കാലിക അറ്റൻഡറായിരുന്നു. അക്കാലത്ത് മണ്ണുത്തിയിൽ നടന്ന ഏഴ് കിലോമീറ്റർ ഓട്ടത്തിൽ മൂന്നാമതെത്തിയതാണ് പ്രചോദനം. അന്ന് ഒപ്പമുണ്ടായിരുന്നവർ കാസർകോട്ടെ മാസ്റ്റേഴ്സ് മീറ്റിനെപ്പറ്റി പറഞ്ഞു. കൗതുകത്തിന് പങ്കെടുക്കാൻ തീരുമാനിച്ചു. ഒരാഴ്ച പരിശീലനം, ഒടുവിൽ മെഡൽ നേട്ടം. തുടർന്ന് മാസ്റ്റേഴ്സ് മീറ്റുകളിൽ മെഡലുകൾ പതിവാക്കി.
എന്തും പഠിക്കാൻ തയ്യാറുള്ള ജ്യോതി പതിനഞ്ചാം വയസിൽ തളപ്പുണ്ടാക്കി വീട്ടിലെ തെങ്ങിലും കമുകിലും കയറി. അയൽവാസികൾക്ക് സൗജന്യമായി തേങ്ങയിട്ടു കൊടുത്തു. പനകയറ്റത്തിലും ഒരുകൈനോക്കി. മണ്ണുത്തി വെറ്ററിനറി കോളേജിൽ അസിസ്റ്റന്റായിരുന്നപ്പോൾ വിദ്യാർത്ഥികളെ തെങ്ങുകയറാൻ പഠിപ്പിച്ചിട്ടുണ്ട്.
പുല്ലുവെട്ടു മുതൽ പ്ളംബിംഗ് വരെ
ബിരുദവും കമ്പ്യൂട്ടറും പഠിച്ച ജ്യോതി കുന്നംകുളം പോളിടെക്‌നിക് കോളേജിൽ താത്കാലിക കമ്പ്യൂട്ടർ ഇൻസ്ട്രക്ടറായിരുന്നു. വിയ്യൂർ ജയിലിലെ അന്തേവാസികളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചിട്ടുണ്ട്. വെറ്ററിനറി കോളേജിൽ യന്ത്രമുപയോഗിച്ച് പുല്ലുവെട്ടിയത് ജ്യോതിയാണ്. ശുചീകരണത്തിന് കിണറ്റിലുമിറങ്ങും. പ്ലംബിംഗുമറിയാം. മകൾ നിരഞ്ജന എറണാകുളം ഇൻഫോപാർക്കിൽ എൻജിനിയറാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |