
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപത്തെ ഉഗ്ര സ്‌ഫോടനത്തിന് മുൻപായി ഡ്രോൺ,റോക്കറ്റ് തുടങ്ങിയവ ഉപയോഗിച്ച് ഡൽഹിയിൽ അടക്കം ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടെന്ന് എൻ.ഐ.എ. കാറിൽ പൊട്ടിച്ചിതറിയ ഡോ. ഉമർ നബിയുടെ മറ്റൊരു സഹായിയെ അറസ്റ്റ് ചെയ്‌ത വിവരം അറിയിച്ചുക്കൊണ്ടുള്ള വാർത്താക്കുറിപ്പിലാണിത്. ജമ്മു കാശ്‌മീർ അനന്തനാഗ് സ്വദേശി ഡാനിഷ് എന്ന ജസീർ ബിലാൽ വാനിയാണ് ശ്രീനഗറിൽ അറസ്റ്റിലായത്. എൻ.ഐ.എയുടെ രണ്ടാമത്തെ അറസ്റ്റാണിത്. ഇതിനിടെ,ഞായറാഴ്ച അറസ്റ്റിലായ ജമ്മു കാശ്‌മീർ പാംപോർ സ്വദേശി അമിർ റാഷിദ് അലിയെ 10 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഇന്നലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോൾ അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. ഇയാൾ ഗൂഢാലോചനയിലെ പങ്കാളിയാണ്. ഉമറിനെ ഐ.ഇ.ഡി നിർമ്മാണത്തിന് സഹായിച്ചെന്നും,വാടകവീട് ഏർപ്പാടാക്കി കൊടുത്തെന്നും കോടതിയെ എൻ.ഐ.എ അറിയിച്ചു. അതേസമയം, സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ഇന്നലെ മരിച്ചു. ഇതോടെ മരണസംഖ്യ 15 ആയി.
'ഷൂബോംബർ'
ഉമറിന്റെ ഷൂവിന് അകത്ത് ഘടിപ്പിച്ചിരുന്ന മെറ്റൽ ആക്‌ടിവേറ്റാക്കിയാണ് സ്‌ഫോടനം നടത്തിയതെന്ന് ഏജൻസികൾ സംശയിക്കുന്നു. ഡ്രൈവർ സീറ്റിനടിയിൽ നിന്ന് ഷൂ കണ്ടെടുത്തിരുന്നു. ട്രയാസെറ്റോൺ ട്രൈപെറോക്സൈഡിന്റെ (ടിഎടിപി) സാന്നിദ്ധ്യം ഷൂവിലും ടയറിലും കണ്ടെത്തി. ഉമർ 2 ഫോണും,5 സിമ്മുകളും ഉപയോഗിച്ചിരുന്നു.
'ഡി 6 മിഷൻ'
ജെയ്‌ഷെ മുഹമ്മദിന്റെ 'വൈറ്റ് കോളർ മൊഡ്യൂൾ' ആറു നഗരങ്ങളിൽ സ്‌ഫോടനം നടത്താൻ തയ്യാറാക്കിയ പദ്ധതിക്ക് 'ഡി 6 മിഷൻ' എന്നാണ് പേരിട്ടതെന്ന് ഏജൻസികൾ കണ്ടെത്തി. മസ്‌ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് സ്‌ഫോടനങ്ങൾ നടത്തണമെന്ന് പദ്ധതിയിട്ടു. 2010 മുതൽ ഡോക്‌ടർമാർ അടക്കം പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യൽ ആരംഭിച്ചു. ഫരീദാബാദിൽ സ്‌ഫോടകവസ്‌തുശേഖരവും ആയുധങ്ങളും പിടികൂടിയ കേസിൽ അറസ്റ്റിലായ ഡോക്‌ടർമാർ അടക്കം 2015 കാലഘട്ടം മുതൽ ജെയ്‌ഷെയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നാണ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |