
ധാക്ക: പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്‌ക്ക് എതിരെ അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വിധി വരാനിരിക്കെ ബംഗ്ളാദേശിൽ സ്ഥിതി സംഘർഷഭരിതം. ഞായറാഴ്‌ച രാത്രി വൈകിയും രാജ്യത്ത് വിവിധയിടങ്ങളിൽ ബോംബ് സ്‌ഫോടനങ്ങളുണ്ടായി. ക്രൂഡ് ബോംബുകളാണ് പൊട്ടിയതെന്നാണ് വിവരം. ധാക്ക ബസാറിലാണ് ഒരു സ്‌ഫോടനം നടന്നത്.
കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന വിദ്യാർത്ഥി കലാപവും തുടർന്നുണ്ടായ സൈനിക നടപടികളിലും കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ ഷെയ്‌ഖ് ഹസീനയെ വധശിക്ഷയ്‌ക്ക് വിധിച്ചേക്കാം. ജൂലായ് മാസത്തിലുണ്ടായ കലാപത്തിന് പിന്നാലെ ഇന്ത്യയിലെത്തിയ ഹസീന ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. ഹസീനയ്‌ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഹസീനയുടെയും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമലിന്റെയും അസാന്നിദ്ധ്യത്തിലാണ് ട്രൈബ്യൂണലിൽ കേസ് വിസ്‌താരം നടന്നത്.
ഇതിനിടെ ഹസീന തന്റെ പാർട്ടിയായ അവാമി ലീഗിന്റെ ഫേസ്‌ബുക്ക് പേജിലിട്ട ഓഡിയോ സന്ദേശത്തിൽ സർക്കാരിനെതിരായ പാർട്ടിയുടെ പോരാട്ടം തുടരാൻ ആഹ്വാനം ചെയ്‌തു. സർക്കാർ നിരോധനം തുടരുമ്പോഴും പോരാടണമെന്നാണ് ഷെയ്‌ഖ് ഹസീന ആവശ്യപ്പെട്ടത്. 'ഒന്നും പേടിക്കാനില്ല. ഞാൻ ജീവനോടെയുണ്ട്. ജീവനോടെയിരിക്കും. രാജ്യത്തെ ജനങ്ങളെ ഞാൻ പിന്തുണയ്‌ക്കും.' ഹസീന സന്ദേശത്തിൽ പറയുന്നു.
വിധിപ്രസ്‌താവനയ്‌ക്ക് മുന്നോടിയായി ഇന്ന് രാജ്യത്താകെ ബന്ദിന് അവാമി ലീഗ് ആഹ്വാനം ചെയ്‌തിട്ടുണ്ട്. തന്റെ പാർട്ടി പ്രവർത്തകർക്ക് സ്‌കൂളിൽ പോകാനോ പൊതുഇടത്തിൽ നടക്കാനോ മുഹമ്മദ് യൂനിസ് സർക്കാർ അനുവദിച്ചില്ലെന്നും അവരെ പൊതുനിരത്തിൽ ആക്രമിച്ചെന്നും ഷെയ്‌ഖ് ഹസീന ആരോപിച്ചു. പൊലീസ്, അഭിഭാഷകർ, മാദ്ധ്യമ പ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവരെയും അവരുടെ കുടുംബത്തെയും ആക്രമിച്ച് കൊന്നവർക്ക് നീതി ലഭിക്കില്ലെന്നും അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |