അബുദാബി: മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരാണ് യുഎഇയിൽ ജോലി ചെയ്യുന്നത്. പതിറ്റാണ്ടുകളായി പ്രവാസജീവിതം നയിക്കുന്നവരും അനേകമാണ്. യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലായിരിക്കും നല്ലൊരു ശതമാനം പ്രവാസികളും ജോലി ചെയ്യുന്നത്. വിദേശനാടുകളിൽ പണിയെടുക്കുന്ന പലരും ആഗ്രഹിക്കുന്ന ഒന്നായിരിക്കും സ്വന്തമായി ബിസിനസ് തുടങ്ങുക എന്നത്. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് മുൻപ്, ഒരു സ്ഥാപനത്തിലെ മുഴുവൻ സമയ തൊഴിലാളിയായി ജോലി ചെയ്യവേ സ്വന്തമായി ബിസിനസ് തുടങ്ങാൻ യുഎഇയിലെ നിയമം അനുവദിക്കുമോ എന്നുകൂടി അറിയേണ്ടതുണ്ട്.
ഒരു സ്ഥാപനത്തിൽ മുഴുവൻ സമയ തൊഴിലാളിയായി ജോലി ചെയ്യുമ്പോഴും സ്വന്തമായി ബിസിനസ് ചെയ്യാനോ സ്ഥാപനം ആരംഭിക്കാനോ ബിസിനസ് പങ്കാളിയാകാനോ ഓഹരി ഉടമയാകാനോ യുഎഇയിലെ നിയമം അനുവാദം നൽകുന്നുണ്ട്. എന്നാൽ ഇതിന് മുന്നോടിയായി തൊഴിൽദാതാവിൽ നിന്ന് നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതുണ്ട്.
എന്നാൽ ഒരാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അതേ സ്വഭാവമുള്ള, അതേ സേവനം നൽകുന്ന സ്ഥാപനമാണ് സ്വന്തമായി ആരംഭിക്കാൻ ആലോചിക്കുന്നതെങ്കിൽ തൊഴിൽ കരാറിൽ ഇത് സംബന്ധിച്ച വ്യവസ്ഥയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. കരാർ അവസാനിച്ചതിനുശേഷം തൊഴിലാളി തൊഴിൽദാതാവുമായി മത്സരിക്കുകയോ അതേ ബിസിനസിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് തൊഴിൽദാതാവിന് 2021ലെ ഫെഡറൽ ഡിക്രി നിയമ നമ്പർ 33ലെ ആർട്ടിക്കിൾ 10(1) പ്രകാരം കരാറിൽ വ്യവസ്ഥ ചെയ്യാൻ സാധിക്കും. രണ്ട് വർഷംവരെയാണ് വ്യവസ്ഥപ്രകാരം ഒരേ ബിസിനസ് ചെയ്യാതിരിക്കാനുള്ള കാലാവധി.
അതേസമയം, തൊഴിൽ രംഗത്ത് മത്സരം പാടില്ലെന്ന വ്യവസ്ഥ തൊഴിൽ കരാർ അവസാനിച്ചതിനുശേഷം ബാധകമാകില്ല എന്ന് പരസ്‌പര സമ്മതത്തോടെ തൊഴിലാളിയും തൊഴിൽദാതാവും കരാറിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഒരേ സ്വഭാവമുള്ള ബിസിനസ് ചെയ്യാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |