വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇടഞ്ഞതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌ക്. ട്രംപിന്റെ ടാക്‌സ്-ബഡ്‌ജറ്റ് ബിൽ നിലവിൽ വന്ന ഉടൻ 'അമേരിക്ക പാർട്ടി" എന്ന തന്റെ പാർട്ടി രൂപീകൃതമായെന്ന് മസ്ക് പ്രഖ്യാപിച്ചു.
ട്രംപിന്റെ ബിൽ അമേരിക്കയെ പാപ്പരാക്കുമെന്ന് ആരോപിച്ച മസ്ക്, ജനങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുമെന്നും പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയ്ക്കും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയ്ക്കും ബദലായി മസ്ക് അവതരിപ്പിച്ച അമേരിക്ക പാർട്ടി ഫെഡറൽ ഇലക്‌ടറൽ കമ്മിഷനിൽ ഒദ്യോഗികമായി രജിസ്റ്റർ ചെയ്‌തോയെന്ന് വ്യക്തമല്ല.
കമ്മിഷൻ ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ടിട്ടില്ല. യു.എസിന് പുറത്ത് ജനിച്ച ആളായതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മസ്‌കിന് മത്സരിക്കാൻ കഴിയില്ല. അതിനാൽ ആരാകും പാർട്ടിയെ നയിക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
വെള്ളിയാഴ്ചയാണ് 'ബിഗ് ബ്യൂട്ടിഫുൾ ബിൽ" എന്നറിയപ്പെടുന്ന നിയമ നിർമ്മാണത്തിൽ ട്രംപ് ഒപ്പിട്ടത്. അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റം തടയാനുള്ള നടപടികൾ, സൈന്യം, ഊർജ്ജ ഉത്പാദനം എന്നിവയ്ക്കുള്ള ധനവിനിയോഗം ഉയർത്താനും ആരോഗ്യ പരിരക്ഷ പദ്ധതി ഇല്ലാതാക്കാനും ബില്ലിൽ നിഷ്കർഷിക്കുന്നു. മസ്ക് ബില്ലിനോടുള്ള എതിർപ്പ് പരസ്യമാക്കിയതോടെയാണ് ട്രംപുമായുണ്ടായിരുന്ന സൗഹൃദത്തിൽ വിള്ളൽ സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |