ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയിൽ നിന്നൊഴിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി ഭരണവിഭാഗം. ന്യൂഡൽഹി കൃഷ്ണ മേനോൻ മാർഗിലുള്ള അഞ്ചാം നമ്പർ ഔദ്യോഗിക വസതി ഒഴിയാത്തതിനാലാണിത്. 2024 നവംബറിൽ വിരമിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, തുഗ്ളക്ക് റോഡിൽ അനുവദിച്ച 14-ാം നമ്പർ ബംഗ്ലാവിലേക്ക് മാറാത്ത സാഹചര്യത്തിലാണ് അപൂർവ നീക്കം. ചീഫ് ജസ്റ്റിസ് പദവിയിലുള്ളവർ വിരമിക്കുമ്പോൾ ആറുമാസത്തിന് ശേഷം ഒഴിയണമെന്നാണ് ചട്ടം.
'ചന്ദ്രചൂഡിന്റെ അനുവദനീയമായ കാലാവധി കഴിഞ്ഞു. എന്നിട്ടും ഔദ്യോഗിക ബംഗ്ളാവിൽ തുടരുകയാണ്. അത് തിരിച്ചെടുക്കണം"- സുപ്രീംകോടതി ഭരണവിഭാഗം നഗരകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 30 വരെ 5,430 രൂപ വാടകയ്‌ക്ക് വസതിയിൽ തുടരാൻ ജസ്റ്റിസ് ചന്ദ്രചൂഡ് പിൻഗാമിയായ മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. പുതിയ വസതിയിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് സമയം ചോദിച്ചത്. അത് മേയ് 31വരെ നീട്ടണമെന്ന് വീണ്ടും അപേക്ഷിച്ചു. ഇനി നീട്ടില്ലെന്ന ഉപാധിയോടെ ജസ്റ്റിസ് ഖന്ന അനുമതി നൽകി. വസതിയൊഴിയാത്തതിനാൽ ജസ്റ്റിസ് ഖന്നയ്‌ക്ക് ഔദ്യോഗിക ബംഗ്ളാവിൽ താമസിക്കാനായില്ല. അദ്ദേഹം മേയിൽ വിരമിച്ചു. തുടർന്ന് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് ബി.ആർ. ഗവായി നേരത്തെ അനുവദിച്ച വസതിയിൽ തന്നെ തുടരുകയാണ്.
മുൻ ചീഫ് ജസ്റ്റിസുമാർ വിരമിക്കുമ്പോൾ ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ടൈപ്പ് 7 വിഭാഗത്തിലുള്ള ഔദ്യോഗിക ബംഗ്ളാവിൽ തുടരാൻ അനുവദിക്കാറുണ്ട്. രാജ്യത്തെ 50-ാം ചീഫ് ജസ്റ്റിസായി 2022 നവംബറിലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് സ്ഥാനമേറ്റത്.
'ഒഴിയാത്തത് മക്കളുടെ
ചികിത്സയ്ക്കായി"
പെൺമക്കളുടെ ചികിത്സ കണക്കിലെടുത്താണ് വസതിയിൽ തുടരുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു. ഉത്തരവാദിത്വങ്ങളെക്കുറിച്ച് പൂർണ ബോധവാനാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ വസതി ഒഴിയുമെന്നും പറഞ്ഞു.
കുട്ടികൾ നെമാലിൻ മയോപ്പതി എന്ന ജനിതക രോഗത്തിന് എയിംസിൽ പ്രത്യേക ചികിത്സയിലാണ്. കുടുംബത്തിന് അനുയോജ്യമായ വീട് കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിഷയം വ്യക്തിപരമാണ്. മക്കളുടെ ചികിത്സാകാര്യം സുപ്രീംകോടതി ജഡ്ജിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്തിട്ടുണ്ട്. മുൻകാല ചീഫ് ജസ്റ്റിസുമാർക്ക് വ്യക്തിപരമായ ആവശ്യങ്ങൾ പരിഗണിച്ച് താമസസ്ഥലം നിലനിറുത്താൻ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |