ന്യൂഡൽഹി: എട്ടാം ശമ്പളകമ്മീഷൻ പ്രഖ്യാപനത്തിലെ അനിശ്ചിത്വം നീളുന്നതിൽ ജീവനക്കാർക്കും പെൻഷൻകാർക്കും കടുത്ത ആശങ്ക. ഇതുസംബന്ധിച്ച് ജീവനക്കാരും പെൻഷൻകാരും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ഈവർഷം ജനുവരിയിലാണ് മോദിസർക്കാർ എട്ടാം ശമ്പളകമ്മീഷൻ പ്രഖ്യാപിച്ചത്. എന്നാൽ തുടർന്നുള്ള നീക്കങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ വർഷം ഏപ്രിലോടെ പ്രവർത്തനങ്ങളിൽ വ്യക്തതവരുമെന്നാണ് നേരത്തേ കണക്കുകൂട്ടിയത്. എന്നാൽ കൂടുതൽ കാലതാമസമമുണ്ടാകുമെന്നാണ് കരുതുന്നത്. കമ്മിഷൻ അദ്ധ്യക്ഷനെയോ അംഗങ്ങളെയോ പോലും പ്രഖ്യാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഇരുപതുദിവസം ബാക്കിനിൽക്കെ നടത്തിയ പ്രഖ്യാപനം വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്ന് അപ്പോൾ തന്നെ പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. റെയിൽവേയും പ്രതിരോധവും ഉൾപ്പെടെ 50 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കുമാണ് ശമ്പളകമ്മീഷൻ പ്രയോജനം ലഭിക്കുക.
2014 ൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുളള യുപിഎ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ഏഴാം ശമ്പള കമ്മിഷൻ ശുപാർശ 2016 ജനുവരി ഒന്നിന് മോദി സർക്കാരിന്റെ കാലത്താണ് നടപ്പായത്. ഇതിന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കും.
ശമ്പളകമ്മീഷൻ പ്രഖ്യാപനത്തിലെ അനിശ്ചിതത്വം മാറാതെ നിൽക്കുന്നത് ജീവനക്കാരെയും പെൻഷൻകാരെയും നിരാശയിലാക്കിയിട്ടുണ്ട്. ജീവിതച്ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പുതിയ ശമ്പളകമ്മീഷൻ വരുന്നതോടെ തങ്ങൾക്ക് ആശ്വസിക്കൻ വകകിട്ടും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. അതുണ്ടാകാത്തതോടെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ തീരുമാനിച്ചതെന്നാണ് റെയിൽവേ സീനിയർ സിറ്റിസൺസ് വെൽഫെയർ സൊസൈറ്റി (ആർഎസ്‌സിഡബ്ല്യുഎസ്) ചെയർമാൻ ടി എസ് കൽറ പറയുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എല്ലാകാര്യങ്ങളും വിവരിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുത്ത് ശമ്പളഘടനയിൽ സമയബന്ധിതമായ ഒരു പുനരവലോകനമാണ് ജീവനക്കാരും പെൻഷൻകാരും ആവശ്യപ്പെടുന്നത്.
ശമ്പളഘടനയുടെ വ്യക്തതയും സമയബന്ധിതമായ നടപ്പാക്കലും ജീവനക്കാരുടെ മനോവീര്യവും ഉത്സാഹവും വർദ്ധിപ്പിക്കും. ഇത് അവരുടെ ഉൽപ്പാദന ക്ഷമതയും സേവന മനോഭാവും മെച്ചപ്പെടുത്തുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കമ്മിഷൻ പ്രഖ്യാപനം വൈകുന്നത് പല ഊഹാപോഹങ്ങൾക്കും ഇടയാക്കുന്നുണ്ട്. കമ്മീഷൻ കേന്ദ്രസർക്കാർ ഉപേക്ഷിച്ചോ എന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജീവനക്കാരുടെയും പെൻഷൻ കാരുടെയും ക്ഷേമത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത ഉറപ്പിക്കാനായി , കാലതാമസം ഒഴിവാക്കി ആശങ്കകൾ പരിഹരിക്കണമെന്നാണ് പെൻഷൻകാരുടെയും ജീവക്കാരുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |