ദുബായ്: മലയാളികൾ ഉൾപ്പെടെ ദുബായ് ഹെൽത്തിലെ 1400ലധികം നഴ്‌സുമാർക്ക് യുഎഇ ഗോൾഡൻ വിസ അനുവദിച്ചു. കഠിനാദ്ധ്വാനത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കുമുള്ള നന്ദി സൂചകമായാണ് ഇവർക്ക് രാജ്യം ഗോൾഡൻ വിസ നൽകിയത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് നഴ്‌സുമാർക്ക് ഗോൾഡൻ വിസ നൽകി ആദരിച്ചത്.
ഇത് സ്വപ്‌നമാണോ എന്നുപോലും തോന്നിപ്പോകുന്നു എന്നാണ് 1998ൽ ദുബായിലെത്തിയ ഫിലിപ്പീൻ സ്വദേശിയായ നഴ്‌സ് കാർമിന അഗ്വിലാർ പറയുന്നത്. ലത്തീഫ ആശുപത്രിയിലെ സീനിയർ സ്റ്റാഫ് നഴ്‌സാണവർ. കഴിഞ്ഞ 27 വർഷമായി എൻഐസിയുവിൽ നവജാതശിശുക്കളെ പരിചരിക്കുകയാണവർ. ഫിലിപ്പീൻസ് വിട്ട് ദുബായിലേക്ക് വന്നപ്പോൾ ആദ്യമുണ്ടായിരുന്ന വിഷമത്തെക്കുറിച്ച് അവർ ഓർത്തെടുത്തു. ഇപ്പോൾ ലഭിച്ച ഗോൾഡൻ വിസ 27 വർഷത്തെ തന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്നും കാർമിയ പറഞ്ഞു.
ലത്തീഫ ആശുപത്രിയിൽ രണ്ട് പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിക്കുന്ന നഴ്‌സ് നാൻസി അഗസ്റ്റിനും ഗോൾഡൻ വിസ ലഭിച്ചു. അഭിമാനകരമായ നിമിഷമാണെന്നാണ് നാൻസി പ്രതികരിച്ചത്. ഏറ്റവും സംതൃപ്തമായ നിമിഷമാണ്. 25 വർഷത്തെ സേവനത്തിന് യുഎഇ നൽകിയ സമ്മാനമാണിത്. ഇത്രയും കാലത്തിനിടെ അഭിമാനം തോന്നിയ ഒരുപാട് സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ രോഗികൾ സുഖം പ്രാപിക്കുമ്പോൾ, പ്രസവത്തിനിടെ സ്‌ത്രീകളോചൊപ്പം നിന്ന് സഹായിക്കുമ്പോൾ, പുതിയ നഴ്‌സുമാർക്ക് അറിവ് പകർന്ന് നൽകുമ്പോഴെല്ലാം അഭിമാനിക്കുകയായിരുന്നുവെന്നും നാൻസി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |