കംബോഡിയയിലെ സൈനിക കേന്ദ്രം തകർത്തു
ആശങ്കയിൽ വിനോദ സഞ്ചാരികൾ
ബാങ്കോക്ക്: അതിർത്തി തർക്കത്തെ ചൊല്ലിയുള്ള തായ്‌ലൻഡ്- കംബോഡിയ സംഘർഷം രൂക്ഷമാകുന്നു. കംബോഡിയൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ തായ്‌ലൻഡിൽ ഒരു കുട്ടിയും സൈനികനുമുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. 31 പേർക്ക് പരിക്കേറ്റു.
ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി അതിർത്തി തർക്കമുണ്ട്. ഇന്നലെ രാവിലെയാണ് സ്ഥിതിഗതികൾ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ഈ ആഴ്ച അതിർത്തിയിലെ തർക്ക പ്രദേശത്ത് കുഴിബോംബ് പൊട്ടി മൂന്ന് തായ് സൈനികർക്ക് പരിക്കേറ്റിരുന്നു. ഇത് കംബോഡിയ ബോധപൂർവം സ്ഥാപിച്ചതാണെന്ന് തായ്ലൻഡ് ആരോപിച്ചു. ആരോപണം കംബോഡിയ തള്ളി.
ബുധനാഴ്ച രാത്രി കംബോഡിയയിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ച തായ്‌ലൻഡ്, രാജ്യത്തെ കംബോഡിയൻ അംബാസഡറെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. അതിർത്തികളും അടച്ചു. തുടർന്ന് ഇന്നലെ രാവിലെ അതിർത്തിയിലെ തർക്ക പ്രദേശമായ താ മോൻ തോം ക്ഷേത്രത്തിന് അടുത്തായി ഇരുരാജ്യങ്ങളുടെയും സൈനികർ ഏറ്റുമുട്ടി. ശക്തമായ ഷെല്ലാക്രമണമുണ്ടായി.
അതിർത്തിയിൽ എഫ് -16 യുദ്ധവിമാനങ്ങൾ വിന്യസിച്ച തായ്‌ലൻഡ്, അതിർത്തി കടന്ന് കംബോഡിയയിലെ സൈനിക കേന്ദ്രം തകർത്തു. തായ്‌ലൻഡാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടതെന്ന് കംബോഡിയ ആരോപിച്ചു. തിരിച്ചാണെന്നാണ് തായ്‌ലൻഡിന്റെ വാദം. വിഷയത്തിൽ ഇടപെടണമെന്ന് കാട്ടി കംബോഡിയ യു.എന്നിനെ സമീപിച്ചു. അതേസമയം, ഏറ്റുമുട്ടൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ഭീതിയിലാഴ്ത്തി. ഇന്ത്യയിൽ നിന്ന് അടക്കം നിരവധി സഞ്ചാരികളാണ് ബാങ്കോക്ക് അടക്കം തായ് നഗരങ്ങളിലേക്കെത്തുന്നത്.
# സംയമനം പാലിക്കണം
തായ്ലൻഡും കംബോഡിയയും സംയമനം പാലിക്കണമെന്നും പ്രശ്നം പരിഹരിക്കാൻ നേതാക്കളുമായി സംസാരിക്കാൻ തയ്യാറാണെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. തായ്ലൻഡും കംബോഡിയയും ഉൾപ്പെട്ട ആസിയാൻ കൂട്ടായ്മയുടെ നിലവിലെ അദ്ധ്യക്ഷനാണ് ഇബ്രാഹിം. ചൈനയും മദ്ധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ചു.
# സംഭവിച്ചത്
ഏറ്റുമുട്ടൽ തുടങ്ങിയത് ഇന്നലെ രാവിലെ തായ്-കംബോഡിയൻ അതിർത്തിയിലെ തർക്ക പ്രദേശമായ താ മോൻ തോം ക്ഷേത്രത്തിന് സമീപം
കംബോഡിയയുടെ നിരീക്ഷണ ഡ്രോണും പിന്നാലെ റോക്കറ്റ് ലോഞ്ചറുകൾ അടക്കം മാരക ആയുധങ്ങളുമായി സൈന്യം എത്തിയെന്നും തായ്‌ലൻഡ്
തായ് സൈന്യം നുഴഞ്ഞുകയറാൻ ശ്രമിച്ചെന്നും സ്വയം പ്രതിരോധം നടത്തിയതാണെന്നും കംബോഡിയ
തായ്‌ലൻഡിൽ ഏറ്റുമുട്ടലും മരണവും റിപ്പോർട്ട് ചെയ്തത് സുരിൻ, സിസാകെറ്റ്, ഉബോൻ റാത്ത്‌ചതാനി പ്രവിശ്യകളിൽ
സുരിനിലെ ആശുപത്രിക്കും സിസാകെറ്റിലെ ഗ്യാസ് സ്റ്റേഷനും നേരെ ഷെല്ലാക്രമണം
86 അതിർത്തി ഗ്രാമങ്ങളിൽ നിന്ന് 40,000 തായ് പൗരന്മാരെ ഒഴിപ്പിച്ചു. സ്കൂളുകൾ അടച്ചു
# തായ് പ്രധാനമന്ത്രിയെ
വീഴ്‌ത്തിയ പ്രശ്നം
തായ് പ്രധാനമന്ത്രി പേതോംഗ്‌താൻ ഷിനവത്രയെ അടുത്തിടെയാണ് ഭരണഘടനാ കോടതി സസ്‌പെൻഡ് ചെയ്തത്. കംബോഡിയയുമായുള്ള അതിർത്തി തർക്കമാണ് കാരണം. മേയിൽ അതിർത്തിയിലെ ഏറ്റുമുട്ടലിനിടെ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടത് സ്ഥിതിഗതി വഷളാക്കിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ കംബോഡിയൻ മുൻ പ്രധാനമന്ത്രി ഹുൻ സെന്നുമായി ഷിനവത്ര ഫോൺ സംഭാഷണം നടത്തി. സെന്നിനെ പ്രീതിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ച ഷിനവത്ര തായ് മിലിട്ടറിയെ വിമർശിച്ചു. ഫോൺ സംഭാഷണം ചേർന്നതോടെ ഷിനവത്ര കുരുക്കിലായി. ഷിനവത്രയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്താക്കണോ എന്ന് കോടതി വൈകാതെ വിധിക്കും. നിലവിൽ ഉപപ്രധാനമന്ത്രി ഫുംതം വെചായാചൈ ആണ് ആക്ടിംഗ് പ്രധാനമന്ത്രി.
------------------------
# തായ്-കംബോഡിയൻ അതിർത്തി - 817 കിലോമീറ്റർ
കംബോഡിയ സാധാരണക്കാരെ ആക്രമിച്ചു. മനുഷ്യത്വരഹിതമായ നടപടികളിൽ നിന്ന് പരമാധികാരത്തെയും ജനങ്ങളെയും സംരക്ഷിക്കും.
- സൈന്യം, തായ്‌ലൻഡ്
തായ്‌ലൻഡ് പ്രകോപനമില്ലാതെ വ്യോമാക്രമണം നടത്തി. തായ്‌ലൻഡ് സൈന്യത്തെ പിൻവലിക്കണം. സ്ഥിതി കൂടുതൽ വഷളാക്കുന്ന തരത്തിലുള്ള നടപടികളിൽ വിട്ടുനിൽക്കണം.
- വിദേശകാര്യ മന്ത്റാലയം, കംബോഡിയ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |