കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾ രാജ്യം വിടുന്നതിന് മുമ്പ് തൊഴിലുടമയുടെ അനുമതി വാങ്ങണമെന്ന് കുവൈറ്റ് അധികൃതർ. കഫാല സ്പോൺസർഷിപ്പ് സംവിധാനത്തിന് കീഴിലുള്ള തൊഴിലാളികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. പുതിയ ഉത്തരവ് ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന സംവിധാനമാണ് കഫാല. പ്രവാസികളുടെ വിസ തൊഴിലുടമയുടേതുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. ഈ സംവിധാനം കാരണം മിക്കവാറും പ്രവാസികൾക്കും ജോലി മാറാനോ രാജ്യം വിടാനോ സാധിക്കാറില്ലെന്ന പരാതി വ്യാപകമാണ്.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾ രാജ്യം വിടുന്നതിന് മുൻപായി രജിസ്ട്രേഷനുള്ള തൊഴിൽദാതാവിൽ നിന്ന് എക്‌സിറ്റ് പെർമിറ്റ് കൈപ്പറ്റണമെന്ന് ഉപപ്രധാനമന്ത്രി ഷെയ്‌ഖ് ഫഹദ് യൂസഫ് സർക്കുലർ പുറത്തിറക്കിയതായി പബ്ളിക് അതോറിറ്റി ഒഫ് മാൻ മാൻപവർ പ്രസ്‌താവനയിൽ അറിയിച്ചു. പ്രവാസി തൊഴിലാളികളുടെ മേൽനോട്ടം ശക്തിപ്പെടുത്തുകയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾക്കിടയിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ് എന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. തൊഴിൽദാതാവിൽ നിന്നുള്ള എക്‌സിറ്റ് പെർമിറ്റ് ഓൺലൈനിലൂടെ കൈപ്പറ്റാവുന്നതാണ്.
സൗദി അറേബ്യയിലും സമാന നിയന്ത്രണങ്ങളുണ്ട്. പ്രവാസി തൊഴിലാളികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും തൊഴിൽദാതാവിൽ നിന്ന് എക്‌സിറ്റ് പെർമിറ്റും റീഎൻട്രി പെർമിറ്റും കൈപ്പറ്റേണ്ടതുണ്ട്. 2017ൽ ഖത്തറിലും തൊഴിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. 2018 മുതൽ ദോഹ മിക്ക വിദേശ തൊഴിലാളികളെയും തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാൻ അനുവദിച്ചു തുടങ്ങി. യുഎഇയിൽ ജീവനക്കാരുടെ പാസ്‌പോർട്ടുകൾ കണ്ടുകെട്ടാനോ രാജ്യം വിടുന്നത് തടയാനോ തൊഴിലുടമകൾക്ക് അവകാശമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |