ദുബായ്: യുഎഇയിലുള്ള പ്രവാസികളടക്കമുള്ളവർക്ക് ഗതാഗത സംവിധാനത്തിൽ സർപ്രൈസൊരുക്കി ഇത്തിഹാദ് റെയിൽ. അടുത്ത വർഷത്തോടെ യുഎഇയിലുള്ളവർക്ക് ഇത്തിഹാദ് റെയിലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാൻ കഴിയും. ഇത്തിഹാദ് റെയിലിൽ അബുദാബിയിൽ നിന്നും ഫുജൈറയിലേക്ക് യാത്ര ചെയ്ത അനുഭവം നാഷണൽ എക്സ്‌പേർട്ട് പ്രോഗ്രാമിലെ അംഗമായ സാറാ ലുഖ്‌മാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഈ യാത്രയിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക് വെറും 25 മിനിറ്റ് മാത്രമാണ് എടുത്തതെന്ന് അവർ പറയുന്നു. 90 മിനിറ്റ് വേണ്ട യാത്രയാണ് ഇത്തിഹാദ് റെയിൽ വരുന്നതോടെ 25 മിനിറ്റായി ചുരുങ്ങുന്നത്.
രാജ്യത്തെ ആദ്യത്തെ ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട് സാറാ ലുഖ്‌മാൻ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെ ഒരാൾ അബുദാബിയിൽ നിന്ന് ദുബായിലേക്ക് എത്ര സമയം വേണ്ടിവന്നെന്ന് കമന്റ് ചെയ്തതോടെയാണ് 25 മിനിറ്റ് മാത്രമാണെന്ന് സാറ കുറിച്ചത്. ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 90 മിനിറ്റ് മാത്രമാണ് യാത്രയ്ക്കുള്ള സമയം. അതേസമയം, ട്രെയിൻ ഇതുവരെ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല.
നാഷണൽ എക്സ്‌പെർട്ട്സ് പ്രോഗ്രാമിന്റെ അഞ്ചാമത്തെ മൊഡ്യൂളിൽ പങ്കെടുക്കാൻ അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് പോയ ഒരു സംഘത്തിലെ അംഗമായിരുന്നു സാറ. ഭാവി വളർച്ചാ മേഖലകളുടെ പരിവർത്തനത്തിൽ പങ്കുവഹിക്കാൻ തിരഞ്ഞെടുത്ത യുഎഇ ആസ്ഥാനമായുള്ള സ്‌പെഷ്യലിസ്റ്റുകൾക്ക് പ്രോഗ്രാമാണിത്. കഴിഞ്ഞയാഴ്ച, അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനും ഇത്തിഹാദ് റെയിലിന്റെ പ്രതിനിധി സംഘവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, ഇത്തിഹാദ് റെയിൽ 2026ൽ പാസഞ്ചർ ട്രെയിൻ സർവീസായി ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |