കുവൈത്ത് സിറ്റി: കുവൈത്തിലുള്ള പ്രവാസികളുടെ കുടുംബ വിസകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ഭരണാധികാരികൾ. രാജ്യത്തിന്റെ താമസചട്ടങ്ങൾ പ്രവാസികൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് കുവൈത്ത് കടക്കുന്നത്. കുവൈത്ത് അധികൃതരുടെ നിർദ്ദേശപ്രകാരം, താമസകാര്യ അന്വേഷണ വകുപ്പ് സമീപ ആഴ്ചകളിൽ മിനിമം ശമ്പള നിലവാരമായ 800 കുവൈറ്റ് ദിനാർ ( 2,23,997 ഇന്ത്യൻ രൂപ) കവിഞ്ഞ പ്രവാസികളെ കണ്ടെത്തുന്നതിനായി പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവർ വിസ ലഭിച്ചതിന് ശേഷം കുറഞ്ഞ ശമ്പളമുള്ള ജോലികളിലേക്ക് മടങ്ങുന്നതായി കണ്ടെത്തി.
ശമ്പളം ഉയർത്തിക്കാണിച്ച് ഫാമിലി റെസിഡൻസി പെർമിറ്റുകൾ നേടി പങ്കാളികളെയും കുട്ടികളെയും കുവൈത്തിലേക്ക് കൊണ്ടുവന്ന പ്രവാസികൾ, ഒരു മാസത്തിനുള്ളിൽ അവരുടെ സ്റ്റാറ്റസ് റെഗുലൈസ് ചെയ്യാനോ അല്ലെങ്കിൽ അവരുടെ ആശ്രിതരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കാനോ തയ്യാറാകണം. ഇതിനായി ഒരു മാസത്തെ സമയമാണ് അനുവദിച്ചത്. 2024ലെ 56ാം മന്ത്രിതല പ്രമേയ പ്രകാരമാണ് നടപടി സ്വീകരിച്ചത്. ആദ്യ ഉപപ്രധാനമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹാണ് ഈ നയം നടപ്പിലാക്കിയത്.
അപേക്ഷകർക്ക് യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം. അവരുടെ കഴിവുകൾക്ക് അനുയോജ്യമായ ഒരു തൊഴിലിൽ നേടുകയും കുറഞ്ഞത് 800 കുവൈത്ത് ദിനാർ പ്രതിമാസ ശമ്പളം നേടുകയും ചെയ്യണമെന്നായിരുന്നു പ്രമേയത്തിൽ പറയുന്നത്. 2024 ജൂലായിൽ ബിരുദം വേണമെന്ന ആവശ്യകത നിർത്തലാക്കി. കുടുംബാംഗങ്ങളെ സ്‌പോൺസർ ചെയ്യുന്നതിനുള്ള പ്രധാന വ്യവസ്ഥ വരുമാനം മാത്രമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |