അബുദാബി: തൊഴിൽ തേടി മലയാളികളടക്കം അനേകം പേരാണ് ദിനംപ്രതി ഗൾഫ് രാജ്യങ്ങളിലേയ്ക്ക് വിമാനം കയറുന്നത്. മെച്ചപ്പെട്ട ജോലി ലഭിക്കണമെന്ന ആഗ്രഹത്താൽ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇത്തരത്തിലെ കുറ്റകൃത്യങ്ങൾക്ക് യുഎഇയിൽ കനത്ത ശിക്ഷയാണ് ലഭിക്കുന്നത്. അവ എന്താണെന്ന് മനസിലാക്കാം.
2021ലെ കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമം പ്രഖ്യാപിക്കുന്ന ഡിക്രി നമ്പർ (31) ഫെഡറൽ നിയമപ്രകാരം തൊഴിലാളികൾ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഒരു ഡോക്യുമെന്റിൽ വാചകം, അക്കങ്ങൾ, അടയാളങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ചേർക്കുകയോ മാറ്റുകയോ ചെയ്യുന്നത് വ്യാജരേഖയായി കണക്കാക്കുന്നു. വ്യാജ ഒപ്പ്, മുദ്ര, വിരലടയാളം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. തട്ടിപ്പിലൂടെ മറ്റൊരാളുടെ ഒപ്പോ സീലോ പതിപ്പിക്കുന്നതും, തിരിച്ചറിയൽ രേഖകളിൽ ആൾമാറാട്ടം നടത്തുന്നതും കുറ്റകരമാണ്. യുഎഇ നിയമപ്രകാരം ഔദ്യോഗിക ഡോക്യുമെന്റിന്റെ വ്യാജരേഖ സമർപ്പിക്കുന്നവർക്ക് പത്ത് വർഷം തടവും അനൗദ്യോഗിക രേഖയുടെ വ്യാജപതിപ്പാണെങ്കിൽ തടവും ലഭിക്കും.
ജോലി നേടാൻ വ്യാജ രേഖ സമർപ്പിച്ചവരെ നോട്ടീസ് നൽകാതെ പിരിച്ചുവിടാനും തൊഴിൽ ദാതാവിന് അധികാരമുണ്ടെന്ന് യുഎഇ നിയമത്തിൽ വ്യക്തമാക്കുന്നു. മാത്രമല്ല, അത്തരം വ്യാജ രേഖ സമർപ്പിക്കുന്ന തൊഴിലാളിക്കെതിരെ ഹ്യൂമൻ റിസോഴ്‌സസ് ആന്റ് എമിറാറ്റിസേഷൻ മന്ത്രാലത്തിൽ പരാതി നൽകാനും തൊഴിൽ ദാതാവിന് അധികാരമുണ്ട്. പരാതി നൽകുന്നതിന് മുൻപ് നിയമവശങ്ങൾ തേടുന്നതും പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |