ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിനെയും ഉത്തരാഖണ്ഡിലെ ഋഷികേശിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. 2025 ജൂൺ 19ന് ട്രെയിൻ സർവീസുകൾ ആരംഭിക്കും. 06597/ 0659 ആണ് ട്രെയിൻ നമ്പർ. ഉത്തരാഖണ്ഡിലേക്ക് പോകാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്നതാണിത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാൻ ഈ സർവീസ് സഹായിക്കും.
യശ്വന്ത്പൂർ - ഋഷികേശ് എക്സ്പ്രസ് സ്പെഷ്യൽ (06597) ജൂൺ 19, 26, ജൂലായ് മൂന്ന് തീയതികളിൽ രാവിലെ ഏഴ് മണിക്ക് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.20ന് ഋഷികേശിൽ എത്തിച്ചേരും. ജൂൺ 21, 28, ജൂലായ് അഞ്ച് തീയതികളിൽ 06598 നമ്പർ ട്രെയിൻ വൈകുന്നേരം 5.55ന് ഋഷികേശിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 7.45ന് യശ്വന്ത്പൂരിൽ തിരിച്ചെത്തും. നാഗ്പൂർ, ഭോപ്പാൽ, ആഗ്ര, ഹരിദ്വാർ തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക.
എസി ഫസ്റ്റ് ക്ലാസ്, എസി ടു ടയർ, എസി ത്രീ ടയർ, സ്ലീപ്പർ ക്ലാസ്, ജനറൽ അൺറിസർവ്ഡ് കോച്ചുകൾ എന്നിവയുൾപ്പെടെ വ്യത്യസ്‌ത യാത്രക്കാർക്ക് അനുയോജ്യമായ നിരവധി സൗകര്യങ്ങൾ ഈ ട്രെയിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓൺബോർഡ് കാറ്ററിംഗ് സേവനങ്ങളും ഇ - കാറ്ററിംഗ് ഓപ്‌ഷനുകളും ട്രെയിനിൽ ലഭ്യമാകും. യാത്രക്കാർക്ക് മനോഹരമായ കാഴ്‌ചകൾ ആസ്വദിക്കാനായി വലിയ ജനാലകളാണ് നൽകിയിരിക്കുന്നത്.
മണിക്കൂറിൽ 130 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ പരമാവധി വേഗത. യശ്വന്ത്‌പൂർ - ഋഷികേഷ് എക്‌സ്‌പ്രസ് സ്‌പെഷ്യലിനുള്ള ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലൂടെയോ ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |