
ബംഗളൂരു: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ദുരുപയോഗപ്പെടുത്തി വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കാമെന്ന് തെളിയിച്ച് ടെക്കി. ഗൂഗിളിന്റെ 'നാനോ ബനാന' എന്ന എഐ ടൂൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്താമെന്ന് യുവാവ് പറയുന്നത്. ബംഗളൂരു ആസ്ഥാനമായി ജോലി ചെയ്യുന്ന ടെക്കി ഹർവീൺ സിംഗ് ഛദ്ദയാണ് വെളിപ്പെടുത്തൽ നടത്തിയത്.
'ട്വിറ്റർ പ്രീത് സിംഗ്' എന്ന പേരിൽ വ്യാജമായി നിർമ്മിച്ച പാൻ കാർഡുകളുടെയും ആധാർ കാർഡുകളുടെയും ചിത്രങ്ങൾ യുവാവ് എക്സിൽ പങ്കുവച്ചു. നിലവിൽ ഇമേജുകൾ പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഇത്തരം വ്യാജ രേഖകൾ തിരിച്ചറിയുന്നതിൽ പരാജയപ്പെടുമെന്നും ഇത് കടുത്ത സുരക്ഷാ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നും യുവാവ് ചൂണ്ടിക്കാട്ടി.
"നാനോ ബനാന മികച്ചതെണെങ്കിലും അതേസമയം പ്രശ്നവുമാണ്. ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന വ്യാജ തിരിച്ചറിയൽ കാർഡുകൾ ഇതിലൂടെ ഉണ്ടാക്കാൻ സാധിക്കും. പഴയ ഇമേജ് വെരിഫിക്കേഷൻ സംവിധാനങ്ങൾ ഇവ ഡ്യൂപ്ലിക്കേറ്റ് ആണോയെന്ന് തിരിച്ചറിയുന്നതിൽ പരാജയപ്പെടും'- ഛദ്ദ എക്സിൽ കുറിച്ചു.
പുതിയ എഐ ടൂളുകൾ ഉപയോഗിച്ച് വ്യാജ രേഖകൾ ഉണ്ടാക്കുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ പരിശോധനാ സംവിധാനങ്ങൾക്കാണ് ഇത് വലിയ തലവേദനയായിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് യുവാവിന്റെ പോസ്റ്റിൽ നിരവധി പേരാണ് പോംവഴിയുമായി രംഗത്തെത്തിയത്.
ഗൂഗിളിന്റെ ജെമിനി എഐ നിർമ്മിക്കുന്ന ചിത്രങ്ങളിൽ 'സിന്ത്ഐഡി' എന്നൊരു ഡിജിറ്റൽ മുദ്ര (വിരലടയാളം) രേഖപ്പെടുത്തുന്നുണ്ട്. ഇത് ഉപയോഗിച്ച് ചിത്രം വ്യാജമാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. എന്നാൽ, "ഓരോ ഐഡികാർഡും ജെമിനി ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യാൻ ആരും മിനക്കെടാറില്ലെന്ന് ഛദ്ദ മറുപടി നൽകി.
ഉദ്ദാഹരണം ഒരാൾ ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും ആധാർ കാർഡ് കാണിക്കുമ്പോൾ അത് ശരിക്കും സ്കാൻ ചെയ്യുന്നുണ്ടോയെന്നും ടെക്കി തിരിച്ചു ചോദിക്കുന്നുണ്ട്. അതേസമയം ഏറ്റവും പുതിയ വിവരങ്ങൾ കൃത്യമായി എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് പരിശോധിച്ച് ഉറപ്പാക്കിയാൽ മാത്രമേ ശരിയായ വെരിഫിക്കേഷൻ നടക്കുകയുള്ളൂവെന്നും, ചുമ്മാ കാർഡ് നോക്കിയാൽ പരിശോധനയാകില്ലെന്നും മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |