
തിരുവനന്തപുരം : ഡൽഹി പൊലീസിൽ ഉദ്യോഗസ്ഥനായിരുന്ന വിഴിഞ്ഞം സ്വദേശി സാംസൺ വിശ്വനാഥ് തന്റെ മക്കളുടെ ക്രിക്കറ്റ് ഭാവിക്കുവേണ്ടി ജോലി ഉപേക്ഷിച്ചാണ് 2006ൽ തിരുവനന്തപുരത്തേക്ക് തിരിച്ചുവരുന്നത്. മികച്ച ക്രിക്കറ്റ് കോച്ചിംഗ് എവിടെ ലഭിക്കുമെന്നുള്ള സാംസണിന്റെ അന്വേഷണം എത്തിനിന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ സായ് പരിശീലനകേന്ദ്രത്തിലെ ബിജു ജോർജിൽ. ബിജുവിലേക്ക് സഞ്ജുവിനെയും സഹോദരൻ സലിയേയും എത്തിച്ചത് ഇന്ന് ബി.സി.സി.ഐ സ്റ്റാറ്റിസ്റ്റീഷ്യനായ എസ്.എൻ സുധീർ അലിയും.
അന്ന് സ്കോററും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു സുധീർ അലി. '' 2006- ലാണ് സാംസൺ വിശ്വനാഥ് ഫോൺ വിളിക്കുന്നത്. തന്റെ രണ്ടു മക്കളും നന്നായി ക്രിക്കറ്റ് കളിക്കുമെന്നും അവർക്ക് കേരളത്തിൽ പരിശീലനം നടത്താനും ജില്ലാതലത്തിൽ കളിക്കാനും സഹായിക്കാമോ എന്നായിരുന്നു ചോദ്യം. നോക്കാമെന്നു പറഞ്ഞ് ഫോൺ വച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സാംസണും ഭാര്യ ലിജിയുടെ സഹോദരൻ ആന്റണിയും രണ്ടു കുട്ടികൾക്കൊപ്പം എത്തിയപ്പോഴാണ് ഫോൺകാളിന്റെ കാര്യം ഓർത്തത് "" - സുധീർ അലി ഓർത്തെടുക്കുന്നു. അന്ന്, കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ കണ്ടപ്പോൾത്തന്നെ അവരുടെ കഴിവ് മനസിലായി. പിറ്റേന്നുതന്നെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ അലി ഈ കുട്ടികളെയുംകൊണ്ട് പരിശീലകൻ ബിജു ജോർജിന് അരികിലെത്തി. അവിടെ തുടങ്ങുന്നു, സഞ്ജു സാംസൺ എന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ഉദയം.
ബിജു ജോർജിന്റെ കളരിയിൽ എത്തിയ സഞ്ജുവിന് ആദ്യ പന്തെറിഞ്ഞുകൊടുത്തത് പിന്നീട് രഞ്ജി താരമായ എൻ.നിയാസാണ്. പയ്യന്റെ കഴിവ് കണ്ടറിഞ്ഞ ബിജു ജോർജ് ദേശീയ തലത്തിൽ കളിക്കാനുള്ള ആത്മവിശ്വാസം അവനിൽ നിറച്ചു. കേരള രഞ്ജി ടീമിലെ മുൻനിര താരങ്ങളെല്ലാം പരിശീലനം നടത്തിയിരുന്ന ബിജു ജോർജിന്റെ കളരിയിൽ ആ ചേട്ടന്മാരുടെയൊക്കെ കുഞ്ഞനുജനായി സഞ്ജു വളർന്നു. ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ മൊത്തം ചേട്ടനായി മാറി. അന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഫീൽഡിംഗ് കോച്ചായിരുന്ന ബിജു ജോർജാണ് സഞ്ജുവിനെ ആദ്യമായി ഒരു ഐ.പി.എൽ സെലക്ഷൻ ട്രയൽസിനായി കൊണ്ടുപോയത്. പിന്നീടാണ് ശ്രീശാന്ത് വഴി രാജസ്ഥാൻ റോയൽസിലേക്ക് എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |