മുംബയ്: കൊളംബോയിൽ നിന്ന് മുംബയിലേയ്ക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറ് ഭാഗത്തായി കേരള തീരത്തുനിന്ന് 120 കിലോമീറ്റർ അകലെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. വാൻഹായ് 503 എന്ന സിംഗപ്പൂർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. തീപിടിത്തത്തെത്തുടർന്ന് 50 കണ്ടെയ്‌നറുകൾ കടലിൽ പതിച്ചതായും അറിയുന്നു.
ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപത്തായാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. 650ൽ അധികം കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നതായാണ് വിവരം. 40 ജീവനക്കാർ കപ്പലിലുണ്ടായിരുന്നുവെന്നും ഇവരിൽ 18 പേർ കടലിൽ ചാടിയതായും സൂചനയുണ്ട്. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും സംഘങ്ങൾ കൊച്ചിയിൽ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. ബേപ്പൂരിൽ നിന്നും സംഘമെത്തുമെന്ന് വിവരമുണ്ട്. ഹെലികോപ്‌ടറുകളും ഡോണിയർ വിമാനങ്ങളും രക്ഷാദൗത്യത്തിലുണ്ട്. കപ്പലിൽ നിരവധി തവണ പൊട്ടിത്തെറികൾ ഉണ്ടായെന്നും പറയപ്പെടുന്നു. മദർഷിപ്പുകളിൽ വരുന്ന കണ്ടെയ്‌നറുകൾ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്ന ഫീഡർ ഷിപ്പാണ് അപകടത്തിൽപ്പെട്ടതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |