ന്യൂഡൽഹി: ഹൈവേ യാത്രകളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും വാഹന ഉടമകളുടെ ചെലവ് കുറയ്‌ക്കുന്നതിനുമുള്ള പുതിയ ടോൾ നയം കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഫാസ്‌ടാഗ് വാർഷിക പാസ് സൗകര്യം ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ടോൾ നയം എന്നാണ് ടൈം ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. പ്രതിവർഷം 3,000 രൂപയുടെ ഒറ്റത്തവണ പേയ്‌മെന്റ് നടത്തിയാൽ ദേശീയപാതകളിലും എക്‌സ്‌പ്രസ് വേകളിലും പരിധിയില്ലാത്ത യാത്ര സാദ്ധ്യമാക്കുന്നതാണ് വാർഷിക പാസ്.
ഫാസ്‌ടാഗുമായി ബന്ധപ്പെട്ട് ഒരു ഇരട്ട പേയ്‌മെന്റ് സംവിധാനമാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പരിഗണിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വാർഷിക പാസ് അല്ലെങ്കിൽ ദൂരം അടിസ്ഥാനമാക്കിയുള്ള നിരക്ക് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ഇതിലൂടെ അവസരം ലഭിക്കും. 3,000 രൂപയുടെ ഒറ്റത്തവണ ഫാസ്‌ടാഗ് റീച്ചാർജ് വഴി സ്വകാര്യ വാഹന ഉടമകൾക്ക് ഒരു വർഷത്തേക്ക് എല്ലാ ദേശീയ പാതകളിലും സംസ്ഥാന എക്‌സ്‌പ്രസ് വേകളിലും അധിക ടോൾ ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കും. നിലവിലെ ടോൾ പ്ലാസ ഫീസ് ഘടനയ്‌ക്ക് പകരം 100 കിലോമീറ്ററിന് 50 രൂപ എന്ന നിശ്ചിത ടോൾ ഏർപ്പെടുത്തുന്നതാകാം രണ്ടാമത്തെ സംവിധാനമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലുള്ള ഫാസ്‌ടാഗ് തന്നൊകും പുതിയ സംവിധാനങ്ങളിലും ഉപയോഗിക്കുക. അതിനിടെ 15 വർഷത്തേക്ക് 30,000 രൂപ അടയ്‌ക്കേണ്ട ലൈഫ് ടൈം ഫാസ്‌ടാഗ് എന്ന മുമ്പത്തെ നിർദേശം സർക്കാർ മാറ്റിവച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ ടോൾ ബൂത്തുകൾ ഒഴിവാക്കി പകരം സെൻസർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ടോൾ ശേഖരണം ഏർപ്പെടുത്താനും നയം ലക്ഷ്യമിടുന്നുണ്ട്. ടോൾ പിരിവിനായി ഇത് ജിപിഎസ്, ഓട്ടോമാറ്റഡ് വാഹന ട്രാക്കിംഗ് സംവിധാനങ്ങളെയാകും ആശ്രയിക്കുക.
കരാറുകാരുടെയും ടോൾ ഓപ്പറേറ്റർമാരുടെയും ആശങ്കകൾ പരിഹരിക്കാനുള്ള വ്യവസ്ഥകളും പുതിയ നയത്തിൽ സർക്കാർ പരിഗണിക്കുന്നുണ്ട്. ഡിജിറ്റൽ ടോൾ ഡാറ്റയും സർക്കാർ അംഗീകൃത ഫോർമുലയും അടിസ്ഥാനമാക്കി അവർക്ക് നഷ്‌ടപരിഹാരം നൽകാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ടോൾ വെട്ടിപ്പ് തടയുന്നതിനായി ബാങ്കുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകിയേക്കും. ഫാസ്‌ടാഗുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിർബന്ധമാക്കാനുള്ള അധികാരം അടക്കമുള്ളവയാകും നൽകുക. ഈ നയം യാഥാർത്ഥ്യമായാൽ സ്ഥിരം യാത്രക്കാർക്ക് ദീർഘദൂര റോഡ് യാത്രയുടെ ചെലവ് കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |