സനാ: പ്രധാനമന്ത്രിയും മറ്റ് 12 ഉന്നതരും അടക്കം യെമനിലെ ഹൂതി മന്ത്രിസഭയിലെ എല്ലാവരെയും തങ്ങൾ വധിച്ചെന്ന് ഇസ്രയേൽ നിഗമനം. കണ്ടെത്തലുകൾക്ക് സ്ഥിരീകരണം ആവശ്യമാണെന്ന് ഇസ്രയേലി അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് തലസ്ഥാനമായ സനായിലെ ഹൂതി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബിട്ടത്. ആക്രമണത്തിൽ പ്രധാനമന്ത്രി അഹ്‌മ്മദ് അൽ-റഹാവി കൊല്ലപ്പെട്ടെന്ന് ഹൂതികൾ ഇന്നലെ സ്ഥിരീകരിച്ചു. റഹാവിക്കൊപ്പം മന്ത്രിമാരും കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും ഹൂതികളുടെ ഭരണ സംവിധാനമായ സുപ്രീം പൊളിറ്റിക്കൽ കൗൺസിലിന്റെ തലവൻ മഹ്ദി അൽ-മഷാദ് പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിന് തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ചു. അതേസമയം, എത്ര മന്ത്രിമാർ കൊല്ലപ്പെട്ടന്നോ കൊല്ലപ്പെട്ടവരുടെ പേരോ വ്യക്തമാക്കിയിട്ടില്ല. ഹൂതികളുടെ ചീഫ് ഒഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൾ കരീം അൽ ഗമാരി, പ്രതിരോധ മന്ത്രി മുഹമ്മദ് അൽആതിഫി,പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടം വഹിക്കുന്ന അസാദ് അൽ ഷർഖാബി എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |