വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ മിക്ക ആഗോള തീരുവകളും നിയമ വിരുദ്ധമെന്ന് വാഷിംഗ്ടൺ ഡി.സിയിലെ ഫെഡറൽ അപ്പീൽ കോടതിയുടെ വിധി. അതേസമയം, തീരുവകൾ കോടതി സ്റ്റേ ചെയ്തിട്ടില്ല. പകരം,ഒക്ടോബർ 14 വരെ തീരുവകൾ നിലനിറുത്താമെന്ന് അറിയിച്ചു. ഇതിനുള്ളിൽ ട്രംപ് സർക്കാരിന് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാം. സുപ്രീംകോടതിയിലെ 9 ജസ്റ്റിസുമാരിൽ ആറ് പേരെയും ട്രംപ് അടക്കം റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ നിയമിച്ചതാണ്. അതിനാൽ ട്രംപിന് അനുകൂലമായ വിധിയുണ്ടായേക്കാം.
വിദേശ നയത്തിലുടനീളം തീരുവകളെയാണ് ട്രംപ് ഇപ്പോൾ ആയുധമാക്കുന്നത്. ഇന്ത്യയടക്കം രാജ്യങ്ങൾക്ക് മേൽ ട്രംപ് ഉയർന്ന ഇറക്കുമതി തീരുവകൾ ചുമത്തിയിരുന്നു. കോടതിയുടെ ഉത്തരവ് പക്ഷപാതപരമാണെന്നും തീരുവകൾ ഇല്ലാതായാൽ രാജ്യത്തിന് വലിയ ദുരന്തമായി തീരുമെന്നും ട്രംപ് പ്രതികരിച്ചു.
ഏപ്രിലിൽ ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തിന്റെയും മെക്സിക്കോ,കാനഡ,ചൈന എന്നിവർക്ക് മേൽ ഫെബ്രുവരിയിൽ ചുമത്തിയ പ്രത്യേക തീരുവകളുടെയും നിയമ സാധുത ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം, സ്റ്റീൽ,അലൂമിനിയം ഇറക്കുമതികൾക്ക് ചുമത്തിയത് അടക്കം നിയമപരമായ അധികാരത്തിന് കീഴിൽ ട്രംപ് പുറപ്പെടുവിച്ച തീരുവാ ഉത്തരവുകളെ വിധി ബാധിക്കില്ല.
നിയമ പരിധിക്കും
അപ്പുറം
1. യു.എസിന് പുറത്ത് നിന്നുള്ള അസാധാരണമായ ഭീഷണികളോട് പ്രതികരിക്കാൻ പ്രസിഡന്റുമാർക്ക് വിശാലമായ അധികാരം നൽകുന്ന ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐ.ഇ.ഇ.പി.എ) പ്രകാരമാണ് ട്രംപ് പകരച്ചുങ്കങ്ങൾ ഏർപ്പെടുത്തിയത്
2. ട്രംപിന്റെ നടപടികൾ ഈ നിയമത്തിന്റെ പരിധികൾക്കും അപ്പുറമെന്ന് ആരോപണം. മേയിൽ, ട്രംപിന്റെ തീരുവകളെ നിയമവിരുദ്ധമാണെന്ന് കാട്ടി മാൻഹട്ടനിലെ രാജ്യാന്തര വ്യാപാര കോടതി തടഞ്ഞിരുന്നു. എന്നാൽ സർക്കാരിന്റെ അപ്പീൽ പരിഗണിച്ച വാഷിംഗ്ടൺ ഫെഡറൽ കോടതി ഈ വിധി സ്റ്റേ ചെയ്തിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |