ടോക്കിയോ: മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന അത്യാധുനിക ഇ 10 ബുള്ളറ്റ് ട്രെയിനുകൾ 2030കളുടെ തുടക്കത്തോടെ ഇന്ത്യയിലെത്തിക്കാൻ ജപ്പാൻ. ജപ്പാന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രധാന ആകർഷണമാകും ഇ 10. നിലവിൽ നിർമ്മാണഘട്ടത്തിലുള്ള ഇ 10 സീരീസ് ട്രെയിൻ 2030 സാമ്പത്തിക വർഷം ജപ്പാനിൽ അവതരിപ്പിക്കുമ്പോൾ തന്നെ ഇന്ത്യയിലും എത്തിക്കാനാണ് ജപ്പാന്റെ തീരുമാനം.
ഭൂകമ്പത്തെ അതിജീവിക്കുന്നതടക്കം നിരവധി പ്രത്യേകത ഇവയ്ക്കുണ്ട്. ജപ്പാനിൽ നിലവിൽ ഉപയോഗിക്കുന്ന ഇ5 സീരീസ് ബുള്ളറ്റ് ട്രെയിനുകളായിരുന്നു ഇന്ത്യയിലെ പദ്ധതിക്കായി ആദ്യം തീരുമാനിച്ചിരുന്നത്. അവയ്‌ക്കൊപ്പം പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകൾ നൽകാമെന്ന് ജപ്പാൻ വാഗ്ദാനം ചെയ്യുകയായിരുന്നു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയും ഇന്നലെ ടോക്കിയോയിൽ നിന്ന് മിയാഗി പ്രവിശ്യയിലെ സെൻഡായിയിലേക്ക് ബുള്ളറ്റ് ട്രെയിൻ യാത്ര നടത്തി. ഒന്നര മണിക്കൂർ നീണ്ട യാത്രയിലുടനീളം റെയിൽവേ സംബന്ധമായ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ജപ്പാനിൽ പരിശീലനത്തിലുള്ള ഇന്ത്യൻ ലോക്കോ പൈലറ്റുമാരുമായി മോദി കൂടിക്കാഴ്ച നടത്തി.
തുടർന്ന് ഇരുവരും ജാപ്പനീസ് സെമികണ്ടക്ടർ കമ്പനിയായ ടോക്കിയോ ഇലക്ട്രോൺ മിയാഗി ലിമിറ്റഡിന്റെ പ്ലാന്റ് സന്ദർശിച്ചു. സെൻഡായിയിൽ മോദിക്കായി ഇഷിബ വിരുന്നൊരുക്കിയിരുന്നു. ജാപ്പനീസ് പ്രവിശ്യകളിലെ ഗവർണർമാരുമായും മോദി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള രൂപരേഖയ്ക്കും മോദിയും ഇഷിബയും അംഗീകാരം നൽകി. 13 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഏകദേശം 150 കരാറുകളും പങ്കാളിത്തങ്ങൾക്കും ഇന്ത്യജപ്പാൻ ബിസിനസ് ഫോറത്തിൽ ഇരുരാജ്യങ്ങളിലും നിന്നുള്ള കമ്പനികൾ ധാരണയായി. സംയുക്ത ക്രെഡിറ്റ് സംവിധാനം,ചന്ദ്രയാൻ 5 സഹകരണം അടക്കം 13 കരാറുകളിൽ ഇന്ത്യയും ജപ്പാനും ഒപ്പിട്ടു. ജപ്പാനിലെ രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ മോദി ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്നലെ ചൈനയിലെത്തി.
# നടപടികൾ
വേഗത്തിൽ
മുംബയ്-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി വേഗത്തിലാക്കും
ആധുനിക ജാപ്പനീസ് സങ്കേതികവിദ്യ ഉടൻ സ്ഥാപിക്കും
സിഗ്നലിംഗ് ജോലികൾ ആരംഭിക്കും
ഇന്ത്യയ്ക്ക് ആദ്യം ഒരു ജനറൽ ഇൻസ്‌പെക്ഷൻ ട്രെയിനും നിലവിൽ ജപ്പാനിൽ സർവീസിലുള്ള ഇ 5 സീരീസിലെ ബുള്ളറ്റ് ട്രെയിനുകളും ലഭിക്കും
ഗുജറാത്ത് സെക്ഷനിൽ 2027 ഡിസംബറോടെ സർവീസ് തുടങ്ങും
നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് 2017ൽ മോദിയും അന്നത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും
----------------------
ജാപ്പനീസ് പ്രധാനമന്ത്രിക്ക്
ചന്ദ്രകാന്തക്കല്ലിൽ തീർത്ത സമ്മാനം
ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കും പത്നി യോഷികോയ്ക്കും അമൂല്യ സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത പാത്രങ്ങളുടെ സെറ്റും ചോപ്സ്റ്റിക്കുകളുമാണ് മോദി ഇഷിബയ്ക്ക് സമ്മാനിച്ചത്. വിന്റേജ് സ്റ്റൈലിലെ അമൂല്യ കല്ലുകൾ പതിച്ച പാത്രങ്ങൾ ഇന്ത്യൻ കലാവൈഭവത്തിന്റെയും ജാപ്പനീസ് പാരമ്പര്യത്തിന്റെയും സംയോജനമാണ്.
ജപ്പാന്റെ ജനപ്രിയ വിഭവമായ റാമെൻ കഴിക്കാൻ ഉപയോഗിക്കുന്ന തരത്തിലെ പാത്രങ്ങളാണിവ.
ആന്ധ്രാപ്രദേശിൽ നിന്നുള്ള ചന്ദ്രകാന്തക്കല്ലിൽ തീർത്ത തവിട്ട് നിറത്തിലെ വലിയ പാത്രമാണ് സെറ്റിലെ ഹൈലൈറ്റ്. പാത്രത്തിന്റെ അടിഭാഗത്ത് പരമ്പരാഗത രാജസ്ഥാനി പാർച്ചിൻ കാരി ശൈലിയിൽ കല്ലുകൾ പതിച്ച മക്രാന മാർബിളാണ്. ഒപ്പം നാല് ചെറിയ പാത്രങ്ങളും വെള്ളിയിൽ തീർത്ത ചോപ്സ്റ്റിക്കുകളും സെറ്റിലുണ്ട്. ജപ്പാനിലെ ഡോൺബുരി,സോബ വിഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവ തയ്യാറാക്കിയത്.
അതേസമയം, യോഷികോയ്ക്ക് കാശ്മീരി കലാകാരൻമാർ കൈകൊണ്ട് നെയ്‌തെടുത്ത പഷ്‌മിന ഷോളാണ് സമ്മാനിച്ചത്. ലഡാക്കിലെ ചാങ്ങ്താംഗി ആടിന്റെ നേർത്ത കമ്പിളിയിൽ തീർത്ത ഷോളിൽ പിങ്ക്,ചുവപ്പ് നിറങ്ങളിലെ ഫ്ലോറൽ പാറ്റേണുകളുണ്ട്. കാശ്മീരിന്റെ പൈതൃകം വ്യക്തമാക്കുന്ന വിവിധ ഡിസൈനുകളാൽ അലങ്കരിച്ച മൂല്യമേറിയ പേപ്പിയർ മാഷെ ബോക്‌സിലാണ് ഷോൾ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |