മുംബയ്: വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ച് കടന്ന യുവാവ് അറസ്റ്റിൽ. മുംബയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിംഗ് ഏരിയയിൽ കടന്ന നവിമുംബയ് കലമ്പൊളി സ്വദേശി പീയുഷ് സോണി (25) ആണ് അറസ്റ്റിലായത്. നിർത്തിയിട്ടിരിക്കുന്നത് തനിക്ക് പോകാനുള്ള എയർ ഇന്ത്യ വിമാനമാണെന്ന് കരുതിയാണ് ഇയാൾ ഓടിയത്. എന്നാൽ ഇയാളുടെ വിമാനം അതിന് മുൻപ് തന്നെ അവിടെ നിന്ന് പറന്നുയർന്നിരുന്നു.
ഗുജറാത്തിൽ നിന്ന് മുംബയിലെത്തിയ വിമാനത്തിന്റെ അടുത്തേയ്ക്കാണ് പീയുഷ് ഓടിയെത്തിയത്. ഉടൻ തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9.50നാണ് സംഭവം നടക്കുന്നത്. പീയുഷ് വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴേയ്ക്കും അദ്ദേഹത്തിന് പോകേണ്ട വിമാനത്തിന്റെ ബോർഡിംഗ് സമയം കഴിഞ്ഞിരുന്നു. വിമാനം പോയ വിവരം അറിയാതെ പീയൂഷ് എമർജൻസി വാതിലിലൂടെ റൺവേയിലേക്ക് ഓടുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി ചോദ്യം ചെയ്തപ്പോൾ ബോർഡിംഗിന് ശേഷം വിമാനത്തിലേക്ക് യാത്രക്കാരുമായി പോകുന്ന ബസിന്റെ ഡ്രെെവറാണ് പാർക്കിംഗ് ഏരിയയിൽ ഇറക്കിയതെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ അതിക്രമിച്ച് കടന്നതായി പീയുഷ് സമ്മതിച്ചു. സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ച് ടെർമിനലിനുള്ളിലെ ഗേറ്റ് 42നും 43നും ഇടയിലുള്ള എമർജൻസി ഗേറ്റ് സ്വയം തുറന്നാണ് ഇയാൾ റൺവേയിൽ എത്തിയതെന്ന് സഹാർ സ്റ്റേഷനിലെ പൊലീസ് പറയുന്നു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) പീയുഷിനെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |