ലക്‌നൗ: ലങ്കയിലെ രാക്ഷസ രാജാവായ രാവണന്റെ സഹോദരൻ കുംഭകർണൻ ഉഗ്രനൊരു ടെക്‌നോക്രാറ്റായിരുന്നു എന്നും അദ്ദേഹം ഉറങ്ങുകയാണെന്ന് നമ്മൾ കരുതുന്ന ആറുമാസം യഥാർത്ഥത്തിൽ പരീക്ഷണശാലയിൽ പുതിയ യന്ത്രങ്ങൾ രൂപപ്പെടുത്തുന്ന തിരക്കിലായിരുന്നു എന്നും ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെന്‍ പട്ടേല്‍. ഉത്തർപ്രദേശിലെ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തി ലാംഗ്വേജ് സർവകലാശാലയിൽ നടന്ന ബിരുദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് ഗുജറാത്ത് മുൻ മുഖ്യമന്ത്രികൂടിയായ ആനന്ദിബെന്‍ പട്ടേല്‍ ഇപ്രകാരം പറഞ്ഞത്.
'ആറുമാസം ഉണർന്നിരിക്കുകയും ആറുമാസം ഉറങ്ങുകയും ചെയ്യുന്ന ആളാണ് കുംഭകർണൻ എന്നാണ് നമ്മൾ വിശ്വസിക്കുന്ന കഥ. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. കുംഭകർണൻ യഥാർത്ഥത്തിൽ ഒരു ടെക്‌നോക്രാറ്റായിരുന്നു. സാങ്കേതിക വിദ്യ മറ്റുരാജ്യങ്ങളിലേക്ക് പോകാതിരിക്കാൻ അദ്ദേഹം പരീക്ഷണശാലയിൽ രഹസ്യമായി യന്ത്രങ്ങൾ വികസിപ്പിച്ചു. അന്യനാട്ടുകാർ യന്ത്രരഹസ്യങ്ങൾ കട്ടെടുത്തുകൊണ്ടുപോകാതിരിക്കാൻ കുംഭകർണന്റെ സഹോദരൻ രാവണൻ മെനഞ്ഞെടുത്ത കഥയാണ് ആറുമാസത്തെ ഉറക്കം. പരീക്ഷണ ശാലയിൽ നിന്ന് ആറുമാസം പുറത്തിറങ്ങരുതെന്ന് രാവണൻ കുംഭകർണനോട് ആജ്ഞാപിക്കുകയായിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ചു'- ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. വിമാനം എന്ന ചരിത്രപരമായ കണ്ടുപിടിത്തത്തിന് പിന്നിലെ ആശയം പുരാണത്തിലെ ഭരദ്വാജ് മഹർഷിയുടേത് ആയിരുന്നു എന്നും എന്നാൽ ഇതിന് പെരുമ ലഭിച്ചത് റൈറ്റ് സഹോദരന്മാർക്കാണെന്നും ഗവർണർ പറഞ്ഞു.
ഇത്രയും പറഞ്ഞശേഷം വേദങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും അതിലെ സമാനതകളില്ലാത്ത കണ്ടുപിടിത്തങ്ങളെക്കുറിച്ച് മനസിലാക്കണമെന്ന് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യാനും അവർ മറന്നില്ല. നമ്മുടെ ഗ്രന്ഥശാലകൾ വിജ്ഞാനങ്ങൾ നിറഞ്ഞ പുരാതന ഗ്രന്ഥങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. അവ വായിക്കണം. ഈ പുസ്തകങ്ങൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്താൽ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് ലോകത്തിന് പഠിക്കാനാവും എന്നും ഗവർണർ പറഞ്ഞു.
അതിനിടെ, പ്രസംഗത്തിനെതിരെ പരിഹാസവുമായി കോൺഗ്രസ് ഉൾപ്പെടെയുളള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ഗവർണറെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് സുപ്രിയ ശീനേത് വീഡിയോ എക്സിൽ പങ്കുവച്ചു. ലോകത്തിന് മുന്നിൽ ഭാരതത്തിന് മഹത്തായൊരു സ്ഥാനമുണ്ടെന്നും അത് കളയാതിരിക്കാനും പരിഹാസ പാത്രമാകാതിരിക്കാനും ആനന്ദിബെൻ പോലുള്ള നേതാക്കളോട് മിണ്ടാതിരിക്കാൻ ബിജെപി ആവശ്യപ്പെടുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.
ബിജെപി നേതാക്കൾ ഇത്തരം വിവാദങ്ങളിൽപ്പെടുന്നത് ആദ്യമായല്ല. പശുവും ചാണകവുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനകൾക്ക് അവർ നിരവധി തവണ രൂക്ഷ വിമർശനത്തിനും പരിഹാസത്തിനും വിധേയരായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |