ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾക്ക് കാരണമായേക്കാവുന്ന ശിവസേന പാർട്ടികൾ തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നവും പേരും ഏക്നാഥ് ഷിൻഡെ വിഭാഗത്തിനനുവദിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയതിന് ശേഷം സേനകൾ തമ്മിലുള്ള പോര് മുറുകുകയാണ്.
ഓഫീസ് പിടിച്ചെടുത്ത് ഷിൻഡെ, ട്വിറ്റർ കൈപ്പിടിയിലാക്കി ഉദ്ധവ്
ഉദ്ധവ് താക്കറെ വിഭാഗത്തെ ഞെട്ടിച്ചു കൊണ്ട് വിധാൻസഭയിലെ ശിവസേന ഓഫീസിന്റെ നിയന്ത്രണം ഏക്നാഥ് ഷിൻഡെ വിഭാഗം ഏറ്റെടുത്തു. ഇന്നലെ ചീഫ് വിപ്പ് ഭരത് ഗോഗവാലെയുടെ നേതൃത്വത്തിൽ എം.എൽ.എമാർ സംഘടിതരായി എത്തി സ്പീക്കർക്ക് കത്ത് നൽകിയ ശേഷമാണ് ഓഫീസ് ഏറ്റെടുത്തത്. ബൃഹത് മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസും പിടിച്ചെടുത്തേക്കും. പാർട്ടിയുടെ മറ്റ് ഓഫീസുകൾ, സ്വത്ത്, ഫണ്ട് എന്നിവ സംബന്ധിച്ച് ഇന്ന് നടക്കുന്ന പാർട്ടി വർക്കിംഗ് കമ്മിറ്റിയോഗം തീരുമാനമെടുക്കും. പാർട്ടി പൂർണ്ണമായും ഏറ്റെടുക്കാനുള്ള നീക്കമാണ് ഷിൻഡെ വിഭാഗം നടത്തുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
സമാന്തരമായി പാർട്ടി സ്വന്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്ന ഉദ്ധവ് വിഭാഗം പാർട്ടി വെബ്സൈറ്റ് ഡിലീറ്റ് ചെയ്തു. പാർട്ടിയുടെ ട്വിറ്റർ ഹാൻഡിൽ കൈപ്പിടിയിലാക്കുകയും പേര് ശിവസേന ഉദ്ധവ് ബാലാസാഹബ് താക്കറെ എന്നാക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് സേന ഭവനിൽ യോഗം ചേർന്ന ഉദ്ധവ് വിഭാഗം സംസ്ഥാന നേതാക്കളും ജില്ല അദ്ധ്യക്ഷന്മാരും നേതൃത്വം നൽകുന്ന ശിവസമ്പർക്ക അഭിയാൻ, ശാഖ സമ്പർക്ക അഭിയാൻ എന്നീ രണ്ട് യാത്രകൾ നടത്താൻ തീരുമാനിച്ചു.
കമ്മിഷൻ പിരിച്ചു വിടണം:താക്കറെ
തിരഞ്ഞടുപ്പ് കമ്മിഷൻ പിരിച്ചു വിടണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. കമ്മിഷനെ സർക്കാർ നിയമിക്കുന്നതിന് പകരം തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം. ഇതിന് ഒരു സംവിധാനം ഉണ്ടാക്കണമെന്നും പ്രവർത്തക യോഗത്തിൽ ഉദ്ധവ് ആവശ്യപ്പെട്ടു. എല്ലാം അവർ മോഷ്ടിച്ചു. എന്നാൽ താക്കറെ എന്ന പേര് മോഷ്ടിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
പാർട്ടി പദവിക്ക് ഉദ്ധവ് സുപ്രീംകോടതിയിൽ
ഔദ്യോഗിക ശിവസേനയായി ഷിൻഡെ പക്ഷത്തെ അംഗീകരിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ചോദ്യംചെയ്‌ത് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തരവാദം കേൾക്കാൻ വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഉദ്ദവ് പക്ഷത്തിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ശ്രമിച്ചെങ്കിലും ആ പട്ടികയിൽ ഈ ഹർജി ഉണ്ടായിരുന്നില്ല. ഇന്ന് ശ്രദ്ധയിൽപ്പെടുത്താൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
അതേസമയം, സ്‌പീക്കർക്കെതിരെ അയോഗ്യതാ നോട്ടീസ് നിലവിലിരിക്കെ നിയമസഭാംഗങ്ങളുടെ അയോഗ്യതയിൽ തീരുമാനമെടുക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്ന നബാം റെബിയ കേസിലെ വിധി പുനഃപരിശോധനയ്‌ക്കായി ഏഴംഗ ബെഞ്ചിലേക്ക് അയക്കണമെന്ന ഉദ്ധവ് വിഭാഗത്തിന്റെ മറ്റൊരു ഹർജി ഇന്ന് വിശദവാദത്തിനെടുക്കും.
അതിൽ വാദം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഅഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്. പുതിയ ഹർജിയുംഇതോടൊപ്പം പരിഗണിക്കണമെന്ന് ഉദ്ദവ് താക്കറെ ഇന്ന് ആവശ്യപ്പെടാനാണ് സാദ്ധ്യത. ഉദ്ധവ് സ്റ്റേ ആവശ്യപ്പെട്ടാലും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തടസഹർജി സമർപ്പിച്ചതിനാൽ, അദ്ദേഹത്തിന്റെയും മഹാരാഷ്ട്ര സർക്കാരിന്റെയും വാദംകൂടി കേട്ടശേഷമായിരിക്കും തീർപ്പ് കല്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |