ന്യൂഡൽഹി: ലോക നേതാവെന്ന ഹുങ്കിൽ ട്രംപ് അടിച്ചേൽപ്പിച്ച ഭീമൻ തീരുവയെ ശത്രുത മറന്നു നേരിടാൻ ഇന്ത്യയും ചൈനയും. പ്രധാനമന്ത്രി നരേന്ദ്ര മോദി - ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗ് കൂടിക്കാഴ്ചയെ ഗൗരവത്തോടെ നോക്കുകയാണ് ലോകരാജ്യങ്ങൾ. ചൈനയിൽ ഇന്ന് ഷാങ്ഹായ് ഉച്ചകോടിക്കിടെ നടക്കാനിടയുള്ള കൂടിക്കാഴ്ച യു.എസിനെതിരെ പുതിയ സാമ്പത്തിക ചേരി എന്ന ആശയത്തിലെത്തിയേക്കാം.
മോദി ഇന്നലെ ചൈനയിലെത്തി. ഇന്നും നാളെയും അവിടെയുണ്ടാകും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായും ചർച്ചയുണ്ടാവും. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ട്രംപ് 50 % ഇറക്കുമതി തീരുവ ചുമത്തിയത്. ചൈനയുമായി തുറന്ന മനസ്സോടെ ഒന്നിക്കാൻ തയ്യാറെന്നാണ് വെള്ളിയാഴ്ച മോദി ജപ്പാനിൽ പറഞ്ഞത്.
അതിർത്തി സംഘർഷം കുറയ്ക്കാനും വ്യാപാരവും ജനങ്ങൾ തമ്മിലുള്ള ബന്ധവും സുദൃഢമാക്കാനും മോദി-ഷീ കൂടിക്കാഴ്‌ചയിൽ ധാരണയാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുവരും 2024 ഒക്‌ടോബറിൽ റഷ്യയിലെ കസാനിൽ കണ്ടതിന്റെ തുടർച്ചയാണിത്. ഏഴ് വർഷത്തിനുശേഷമാണ് മോദി ചൈനയിലെത്തുന്നത്. അതേസമയം, വൻ പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യതയില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള കരാറുകൾ പ്രതീക്ഷിക്കുന്നു. പ്രതിരോധ, അതിർത്തി തർക്ക വിഷയങ്ങളിലേക്കൊന്നും ചർച്ച കടക്കാനും ഇടയില്ല.
ധാരണയിലെത്താവുന്ന വിഷയങ്ങൾ
ചൈനാ വിപണിയിൽ ഇന്ത്യൻ ഇലക്ട്രിക് വാഹനങ്ങൾ
ഇന്ത്യൻ വിപണിയിൽ കൂടുതൽ ചൈനീസ് ഉത്പന്നങ്ങൾ
വിതരണ ശൃംഖല 2020ന് മുൻപുള്ള അവസ്ഥയിലെത്തിക്കൽ
ചൈനയിൽ നിന്ന് മരുന്ന് നിർമ്മാണ അസംസ്‌കൃത വസ്‌തുക്കൾ
വിസ തടസം പൂർണമായി നീക്കൽ, നേരിട്ടുള്ള വിമാന സർവീസ്
അതിർത്തി നദികളിലെ ജലം പങ്കിടുന്നതിൽ ധാരണ
ടിക് ടോക്കിനടക്കം ഇന്ത്യയിലെ വിലക്ക് പിൻവലിക്കൽ
നിക്ഷേപം, കയറ്റുമതി;
തീരുമാനം ഉടനില്ല
അതിർത്തി സംഘർഷം വഷളായതോടെ ചൈനീസ് നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ആവശ്യമുണ്ട്. 51 % നിക്ഷേപമെന്ന ചൈനീസ് ആവശ്യം ഇന്ത്യ അംഗീകരിക്കില്ല. നിർമ്മാണം, ഊർജ്ജം, വാഹന ഘടകങ്ങൾ തുടങ്ങിയ മേഖലകളിൽ 25 ശതമാനം നിക്ഷേപം അനുവദിച്ചേക്കുമെന്ന് സൂചന. ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി വർദ്ധിച്ചപ്പോൾ കയറ്റുമതി ഇടിഞ്ഞു. ഈ അന്തരം കുറയ്‌ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ചൈന ഉടൻ അംഗീകരിക്കാനിടയില്ല.
ഇന്ത്യയുടെ ആവശ്യം
വാഹനങ്ങളും മൊബൈലും സോളാർ പാനലും അടക്കം നിർമ്മിക്കാനുള്ള റെയർ എർത്തിന്റെ 80 ശതമാനവും ചൈനയുടെ പക്കലാണ്.ഇതിന്റെ കയറ്റുമതിയ്ക്ക് ചൈന ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇന്ത്യ ഇളവ് തേടും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |