ന്യൂഡൽഹി: കോൺഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഛത്തീസ്ഗഡിൽ രണ്ടു എം.എൽ.എമാരും സംസ്ഥാന പാർട്ടി ട്രഷററും ഉൾപ്പെടെ എട്ട് കോൺഗ്രസ് നേതാക്കളുടെ വസതികളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. കേസിൽ നേരത്തെ വ്യവസായികളെയും ഉദ്യോഗസ്ഥരെയും അറസ്റ്റു ചെയ്‌ത ഇഡി ആദ്യമായാണ് നിയമസഭാംഗങ്ങളെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 24മുതൽ പ്ളീനറി സമ്മേളനം നടക്കുന്നതിനാൽ ഇത്തരം നടപടികൾ പ്രതീക്ഷിച്ചിരുന്നതായി കോൺഗ്രസ് പ്രതികരിച്ചു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വിശ്വസ്‌തരായ ദുർഗ് എം.എൽ.എ ദേവേന്ദ്ര യാദവ്, ബിലൈഗഡിൽ നിന്നുള്ള ചന്ദ്രദേവ് റായ്, പാർട്ടി നേതാക്കളായ രാംഗോപാൽ അഗർവാൾ, സംസ്ഥാന കോൺഗ്രസ് ട്രഷററും നഗ്രിക് അപൂർത്തി നിഗം ചെയർപേഴ്‌സണുമായ സണ്ണി അഗർവാൾ, കർമാകർ മണ്ഡൽ അദ്ധ്യക്ഷൻ സണ്ണി അഗർവാൾ, കോൺഗ്രസ് വക്താവ് ആർ.പി. സിംഗ്, ഹൗസിംഗ് ബോർഡ് ഡയറക്ടർ വിനോദ് തിവാരി, ഛത്തീസ്ഗഡ് ധാതു വികസന കോർപറേഷൻ ചെയർപേഴ്സൺ ഗിരീഷ് ദേവാംഗൻ എന്നിവരുടെ ഭിലായ്-ദുർഗ്, റായ്‌പൂർ വസതികളിലും ഓഫീസുകളിലുമായിരുന്നു ഒരേസമയം റെയ്ഡ് നടന്നത്.
പ്ളീനറി സമ്മേളനത്തിന്റെ പ്രധാന സംഘാടകരിലൊരാളാണ് കോൺഗ്രസ് എം.എൽ.എ ദേവേന്ദ്ര യാദവ്. കൽക്കരി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യയെ നേരത്തെ ഇഡി അറസ്റ്റു ചെയ്‌തിരുന്നു.
''അദാനി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം. സംഘാടകർക്കെതിരെ റെയ്ഡ് നടത്തി കോൺഗ്രസിന്റെ ധൈര്യം തകർക്കാൻ കഴിയില്ല. 'ഭാരത് ജോഡോ യാത്ര'യുടെ വിജയത്തിലും അദാനിയുടെ സത്യാവസ്ഥ തുറന്നുകാട്ടപ്പെട്ടതിലും ബി.ജെ.പിക്ക് നിരാശയുണ്ട്. രാജ്യത്തിന് സത്യം അറിയാം, ഞങ്ങൾ പോരാടി വിജയിക്കും.
-ഭൂപേഷ് ബഗേൽ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി
''പരിശോധിക്കേണ്ട വീടുകളിൽ അവർ റെയ്ഡ് ചെയ്യാറില്ല. ഞങ്ങൾ ഒന്നും മറച്ചുവയ്‌ക്കുന്നില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പ്രതികാര രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് റെയ്ഡുകൾ.
--ജയറാം രമേശ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |