ജയ്‌പൂർ: ക്യാപ്ടൻ സഞ്ജു സാംസൺ ടീം വിട്ടേക്കുമെന്ന അഭൃൂഹങ്ങൾക്കിടെ രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രാഹുൽ ദ്രാവിഡ്. ഇന്നലെയാണ് രാഹുൽ പരിശീലക സ്ഥാനം രാജിവച്ചതായുള്ള വിവരം രാജസ്ഥാൻ റോയൽസ് ടീം തങ്ങളുടെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. രാഹുലിന് കുറേക്കൂടി വലിയ പദവി വാഗ്‌ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിച്ചുവെന്നും ടീം മാനേജ്‌മെന്റ് പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ ക്രിക്കറ്റ്ടീമിനെ 2024 ട്വന്റി-20 ലോക ചാമ്പ്യൻമാരാക്കിയ പകിട്ടിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി രണ്ടാം എഡിഷനെത്തിയ ദ്രാവിഡിന് പക്ഷേ കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. ടീം കഴിഞ്ഞ ഐ.പി.എൽ സീസണിൽ 9-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ക്യാപ്ടൻ സഞ്ജുവും ദ്രാവിഡും തമ്മിൽ അത്ര രസത്തിലല്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രാഹുലിന്റെ ചില പരിഷ്‌കാരങ്ങളിൽ ക്യാപ്‌ടനെന്ന നിലയിൽ സഞ്ജുവിന് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വിവരം. മത്സരശേഷമുള്ള ടീം മീറ്റിംഗുകളിൽ നിന്ന് സഞ്ജു മാറി നിൽക്കുന്ന അവസ്ഥപോലുമുണ്ടായിരുന്നു.
അടുത്ത സീസണിൽ രാജസ്ഥാനിൽ കളിക്കാൻ താത്പര്യമില്ലെന്നും ടീം വിടാൻ അനുവദിക്കണമെന്ന ആവശ്യവും കഴിഞ്ഞയിടെ സഞ്ജു രാജസ്ഥാൻ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സും കൊൽക്കത്തനൈറ്റ് റൈഡേഴ്സും സഞ്ജുവിനായി ശ്രമം നടത്തിയെങ്കിലും രാജസ്ഥാനുമായി കരാറിലെത്താനായിരുന്നില്ല. സഞ്ജു ടീം വിടുമെന്ന അഭ്യൂഹങ്ങൾ സജീവമായ സമയത്താണ് അപ്രതീക്ഷിതമായി രാഹുൽ സ്ഥാനം ഒഴിഞ്ഞത്.അടുത്ത ഐ.പി.എൽ സീസണിൽ പുതിയ പരിശീലകന്റെ കീഴിലാകും രാജസ്ഥാൻ കളിക്കുക.
നേരത്തേ 2012,3 സീസണുകളിൽ രാജസ്ഥാന്റെ ക്യാപ്ടനായിരുന്ന രാഹുൽ പിന്നീട് ടീമിന്റഎ മെന്ററുമായിട്ടുണ്ട്.
കരിയറിന്റെ പലഘട്ടതതിലും സഞ്ജുവിന് വലിയ പിന്തുണ നൽകിയയാളാണ് ദ്രാവിഡ്. എന്നാൽ രാജസ്ഥാനിൽ ദ്രാവിഡ് സഞ്ജ് സഖ്യം ക്ലിക്കാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പരാജയമായി. പരസ്യ പ്രതികരണങ്ങളില്ലെങ്കിലും കഴിഞ്ഞ സീസണിൽ ഇരുവരും തമ്മിൽ അത്ര രസത്തിലല്ലായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
സഞ്ജുവിനെ പിടിച്ചു നിറുത്താനാണ് രാജസ്ഥാൻ ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാൻ നിർബന്ധിതമാതെന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |