ന്യൂഡൽഹി: മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ നാഗാലാൻഡിലും മേഘാലയയിലും മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ അനിശ്ചിതത്വമില്ല. എന്നാൽ ത്രിപുരയിൽ നിലവിൽ മുഖ്യമന്ത്രിയായ മണിക് സാഹയോ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കോ എന്നാണ് ചോദ്യം. മൂന്നിടത്തെയും മന്ത്രിസഭയ്‌ക്ക് അന്തിമരൂപം നൽകാൻ ബി.ജെ.പിയുടെ പ്രമുഖ നേതാക്കൾ ഇന്ന് ഡൽഹിയിൽ യോഗം ചേരും. മൂന്ന് സംസ്ഥാനങ്ങളിലെയും പ്രമുഖ നേതാക്കളും അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയും പങ്കെടുക്കും. ത്രിപുര മുഖ്യമന്ത്രിയെ ഉൾപ്പെടെ യോഗത്തിൽ തീരുമാനിക്കും.
നാഗാലാൻഡിൽ
നെഫ്യൂ റിയോ
വൻ ഭൂരിപക്ഷം ലഭിച്ച നാഗാലാൻഡിൽ നിലവിലെ മുഖ്യമന്ത്രിയായ നെഫ്യൂ റിയോ തന്നെ മന്ത്രിസഭ രൂപീകരിക്കും. അഞ്ചാം തവണയാണ് നെഫ്യൂ റിയോ മുഖ്യമന്ത്രിയാവുന്നത്. ഇന്നലെ എൻ.ഡി.പി.പിയുടെ നിയമസഭാ കക്ഷി യോഗം കൊഹിമയിൽ ചേർന്ന് നേതാവായി നെഫ്യൂ റിയോയെ തിരഞ്ഞെടുത്തു.
കോൺറാഡ് സാംഗ്‌മ
ഗവർണറെ കണ്ടു
മേഘാലയയിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എൻ.പി.പി നേതാവും മുഖ്യമന്ത്രിയുമായ കോൺറാഡ് സാംഗ്‌മ ബി.ജെ.പിയുടെയും യു.ഡി.പിയുടെയും പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാൻ നീക്കം തുടങ്ങി. ഇന്നലെ രാവിലെ ഗവർണർ ഫാഗു ചൗഹാനെ കണ്ട അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി സമർപ്പിച്ചു. തുടർന്ന് മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ഇന്നലെ തന്നെ കോൺറാഡ് സാംഗ്‌മ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിളിച്ച് പിന്തുണ തേടിയിരുന്നു.
ത്രിപുരയിൽ മണിക് സാഹയോ പ്രതിമയോ?
മന്ത്രിസഭ മാർച്ച് 8 ന്
ത്രിപുരയിൽ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി മണിക് സാഹ ഇന്നലെ ഗവർണർ സത്യദേവ് നരേൻ ആര്യയെ സന്ദർശിച്ച് രാജി നൽകി. "ഞാൻ രാജിക്കത്ത് ഗവർണർക്ക് കൈമാറി. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു." ഗവർണറെ കണ്ടശേഷം മണിക് സാഹ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മാർച്ച് 8 ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അദ്ദേഹം സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാതിരുന്നത് പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള അനിശ്ചിതത്വം നിലനിർത്തി. 10 മാസങ്ങൾക്ക് മുമ്പ് ബിപ്ലബ് കുമാർ ദേബിന് പകരം മുഖ്യമന്ത്രി സ്ഥാനത്തെത്തിയ മണിക് സാഹയെ മാറ്റി വീണ്ടുമൊരു പരീക്ഷണത്തിന് പാർട്ടി തയ്യാറാകുമോയെന്ന് ഇന്നറിയാം.
പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകുമോ?
ന്യൂഡൽഹി:പടിഞ്ഞാറൻ ത്രിപുര ലോക്‌സഭാ മണ്ഡലത്തിൽ 2019ൽ മൂന്ന് ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ച് കേന്ദ്രമന്ത്രിയായ പ്രതിമ ഭൗമിക് ത്രിപുരയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമോ? 50 വർഷമായി സമർ ചൗധരിയെയും മണിക് സർക്കാരിനെയും പോലുള്ള സി.പി.എം നേതാക്കളെ മാത്രം വിജയിപ്പിച്ച കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന ധൻപൂർ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് ഇത്തവണ അവർ നിയമസഭയിൽ എത്തിയത്.
ധൻപൂരിലെ ഒരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ പിറന്ന പ്രതിമ അഗർത്തലയിലെ വിമൻസ് കോളേജിൽ നിന്ന് ലൈഫ് സയൻസിൽ ബിരുദം നേടി സാമൂഹ്യ പ്രവർത്തനം ആരംഭിച്ചു. 1991 ൽ ബി.ജെ.പിയിൽ ചേർന്ന പ്രതിമയെ 1992 ൽ പാർട്ടിയുടെ ധൻപൂർ മണ്ഡലം അദ്ധ്യക്ഷയാക്കി. പിന്നീട് യുവമോർച്ച, മഹിളാമോർച്ച, ബി.ജെ.പി സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായി. രണ്ട് തവണ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അവരെ 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2019 ൽ പടിഞ്ഞാറൻ ത്രിപുരയിൽ നിന്നും ലോക്‌സഭാംഗമായി നരേന്ദ്ര മോദി മന്ത്രിസഭയിൽ സാമൂഹിക നീതി, വനിതാ ശാക്തീകരണ സഹമന്ത്രിയായി. ത്രിപുരയിൽ നിന്ന് ആദ്യമായി കേന്ദ്രമന്ത്രിയാകുന്ന വനിതയാണ്.
ലക്ഷ്യം 2024 ൽ
വനിതാ വോട്ട്
ത്രിപുരയിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്താൻ സഹായിച്ചത് സ്‌ത്രീ വോട്ടർമാരുടെ പിന്തുണയാണെന്ന് ബി.ജെ.പി കരുതുന്നു. ഇത്തവണ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് വോട്ട് ചെയ്‌തത്. ത്രിപുരയിലെ 13,99,289 സ്ത്രീ വോട്ടർമാരിൽ 89.17 ശതമാനവും വോട്ട് ചെയ്‌തപ്പോൾ 14,15,233 പുരുഷന്മാരിൽ 86.12 ശതമാനമാണ് വോട്ട് ചെയ്തത്. വികസനവും സമാധാനവും എന്ന ബി.ജെ.പി മുദ്രാവാക്യം സ്ത്രീകൾ ഏറ്റെടുത്തെന്ന് കേന്ദ്രനേതൃത്വം വിശ്വസിക്കുന്നു.
2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വടക്ക് കിഴക്കൻ മേഖലയ്ക്ക് ഒരു സന്ദേശം നൽകുകയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായാവും പ്രതിമ ഭൗമിക്. എങ്കിൽ മണിക് സാഹയെ കേന്ദ്രമന്ത്രിസഭയിൽ എടുത്തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |