ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ രണ്ട് ദിവസം സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് 10 ലേക്ക് മാറ്റി. സിസോദിയയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാനും ഡൽഹി റോസ് അവന്യൂ കോടതി നിർദ്ദേശിച്ചു. മൂന്ന് ദിവസം കൂടി സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന സി.ബി.ഐ ആവശ്യത്തെ തുടർന്നാണ് രണ്ട് ദിവസം കൂടി നീട്ടി നൽകാൻ പ്രത്യേക ജഡ്ജി എം.കെ നാഗ്പാൽ അനുമതി നൽകിയത്. നേരത്തെ പ്രത്യേക കോടതി സിസോദിയയെ മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലൂടെ മാനസികമായി ബുദ്ധിമുട്ടിക്കുകയാണെന്നും കസ്റ്റഡി കാലാവധി നീട്ടുന്നത് തടയണമെന്നും സിസോദിയ കോടതിയിൽ ആവശ്യപ്പെട്ടു. രാവിലെ 10 മുതൽ വൈകിട്ട് എട്ട് മണി വരെ ചോദ്യം ചെയ്യുകയാണ്. ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും സിസോദിയ ജാമ്യാപേക്ഷയിൽ പറഞ്ഞു. എല്ലാവരും നന്നായി പെരുമാറുന്നുണ്ടെന്നും എന്നാൽ ഒരേ ചോദ്യം ഉദ്യോഗസ്ഥർ ഒമ്പത് മണിക്കൂറോളം ചോദിക്കുകയാണെന്നും സിസോദിയ പറഞ്ഞതിനെത്തുടർന്ന് ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് കോടതി സി.ബി.ഐയോട് നിർദ്ദേശിച്ചു. കഴിഞ്ഞ 26നാണ് സി.ബി.ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |