ന്യൂഡൽഹി: ബഡ്‌ജറ്റ് സമ്മേളനത്തിന്റെ അഞ്ചാം ദിവസവും ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷങ്ങൾ കൊമ്പുകോർത്തതോടെ പാർലമെന്റ് നടപടികൾ സ്‌തംഭിച്ചു. ലണ്ടൻ പ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി രാഹുൽ ഗാന്ധിയെ ആക്രമിച്ചപ്പോൾ രാജ്യസഭയിലെ പ്രസംഗത്തിന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് അവകാശ ലംഘന നോട്ടീസ് നൽകി.
പ്രധാനമന്ത്രിക്കെതിരെ
ഫെബ്രുവരി 9ന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗ ചർച്ചയ്‌ക്ക് മറുപടി പറയവെ മുൻ പ്രധാനമന്ത്രി നെഹ്‌റുവിന്റെ പേര് അദ്ദേഹത്തിന്റെ പിൻമുറക്കാർ ഉപയോഗിക്കാത്തതെന്തെന്ന് പ്രധാനമന്ത്രി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് എം.പി കെ.സി വേണുഗോപാൽ അവകാശ ലംഘന പ്രമേയ നോട്ടീസ് നൽകിയത്.
പ്രധാനമന്ത്രി സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. 600ലധികം സർക്കാർ പദ്ധതികൾക്ക് ഗാന്ധി-നെഹ്‌റു പേരാണുള്ളതെന്നും നെഹ്‌റുവിന്റെ പേരില്ലെങ്കിൽ ചിലർക്ക് പ്രശ്‌നമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങളടങ്ങിയ സഭാ രേഖകളുടെ പകർപ്പും വേണുഗോപാൽ നോട്ടീസിനൊപ്പം ചേർത്തു.
ബഹളങ്ങളുടെ അഞ്ചാം ദിനം
പ്രതിഷേധ ബഹളത്തിൽ മുങ്ങിയതോടെ ഇരുസഭകളും ഇന്നലെ രാവിലെ തന്നെ പിരിഞ്ഞു. ലണ്ടൻ പ്രസംഗത്തെക്കുറിച്ച് വിശദീകരണം നൽകാൻ രാഹുൽ ഗാന്ധിക്ക് അവസരം നൽകണമെന്ന് കോൺഗ്രസ് ലോക്‌സഭയിൽ ആവശ്യമുയർത്തി. രാഹുലും സഭയിലെത്തിയിരുന്നു. രാഹുൽ മാപ്പുപറയണമെന്ന് ബി.ജെ.പി അംഗങ്ങളും ആവർത്തിച്ചു. രാഹുലിനെ സംസാരിക്കാൻ അനുവദിക്കൂ എന്ന കോൺഗ്രസ് അംഗങ്ങളുടെ മുദ്രാവാക്യം ഉയരവെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്‌ത സൻസദ് ടിവി പത്തു മിനിട്ടോളം നിശബ്ദമായി. ഇതിനിടെ സഭ തിങ്കളാഴ്ചത്തേക്ക് പിരിയുകയാണെന്ന് സ്‌പീക്കർ ഓം ബിർള അറിയിച്ചു.
സൻസദ് ടിവിയുടെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച കോൺഗ്രസ്, ജനാധിപത്യത്തിനെതിരായ ആക്രമണം തുടരുകയാണെന്ന് ആരോപിച്ചു. നേരത്തെ മൈക്ക് ഓഫാക്കൽ മാത്രമായിരുന്നു. ഇന്ന് സഭാ നടപടികൾ തന്നെ നിശബ്ദമാക്കി. പ്രധാനമന്ത്രിയുടെ സുഹൃത്തിനായി സഭയെ നിശബ്‌ദമാക്കിയെന്നും വിമർശിച്ചു.
പ്രസംഗം ദേശവിരുദ്ധം;നദ്ദ
ലണ്ടൻ പ്രസംഗത്തിലൂടെ രാഹുൽ ഗാന്ധി ജനാധിപത്യ വിരുദ്ധ ചേരിയിലാണെന്ന് തെളിഞ്ഞതായി ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ ആരോപിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും രാജ്യത്തെ 130 കോടി ജനങ്ങളെയുമാണ് അപമാനിച്ചത്. രാജ്യദ്രോഹികൾക്ക് ഇതിൽ പരം പിന്തുണ ലഭിക്കാനില്ല. ഇന്ത്യ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാവുകയും ജി20യുടെ അദ്ധ്യക്ഷത വഹിക്കുകയും ചെയ്യുന്ന സമയത്ത് പ്രസംഗം അപമാനകരമാണ്. പാകിസ്ഥാനും കോൺഗ്രസിനും ഒരേ ഭാഷയാണെന്നും നദ്ദ ആരോപിച്ചു.
മാപ്പ് പറഞ്ഞില്ലെങ്കിൽ രാഹുലിനെ ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാണ് ബി.ജെ.പി ആവശ്യം. നടപടിയെടുക്കാൻ പ്രത്യേക പാർലമെന്ററി സമിതി രൂപീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പ്രസംഗത്തിനെതിരെ വന്ന പരാതി പ്രിവിലേജ് കമ്മിറ്റിയുടെ മുന്നിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |