ന്യൂഡൽഹി: ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ടി.ആർ.എഫ്..
ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ പിന്തുണയിൽ തഴച്ചുവളരുന്നത് നിരവധി സായുധ ഭീകര സംഘടനകൾ. ഇവയ്ക്കെല്ലാം വളരാൻ അന്തരീക്ഷമൊരുക്കുന്നതും സാമ്പത്തികവുമടക്കം നൽകുന്നതും പാകിസ്ഥാൻ. ഇന്ത്യയെ ശത്രുപക്ഷത്തു നിറുത്തി ഭീകരാക്രമണത്തിന് പാക് സൈന്യം എല്ലാ പ്രോത്സാഹനവും നൽകുന്നു. ഇതിനെതിരെ പലതവണ ഇന്ത്യ താക്കീത് നൽകിയിട്ടുണ്ട്. പക്ഷേ, അതൊന്നും പാകിസ്ഥാൻ ചെവിക്കൊണ്ടിട്ടില്ല.
ടി.ആർ.എഫ്
ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ 2019ൽ ഉയർന്നുവന്ന ഭീകരസംഘടന. പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ നിഴൽപറ്റി വളർന്നു. മറ്റ് വിമത ഗ്രൂപ്പുകളിൽ നിന്നുള്ളവരടക്കം സംഘടനയിലുണ്ട്. സംഘത്തിന്റെ കമാൻഡറായ ഷെയ്ഖ് സജാദ് ഗുള്ളിനെ ഇന്ത്യ കൊടുംഭീകരനായി പ്രഖ്യാപിക്കുകയും സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു.
ലഷ്‌കറെ ത്വയ്ബ
ഇന്ത്യൻ ഭരണത്തിലുള്ള കാശ്മീരിന്റെ 'മോചനം' ആവശ്യപ്പെടുന്ന ഭീകര സംഘടന. 1990ൽ കൊടുംഭീകരൻ ഹാഫിസ് മുഹമ്മദ് സയീദ് സ്ഥാപിച്ചു. 2008ലെ മുംബയ് ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കറെ ത്വയ്ബയാണ്. 2001ൽ ഇന്ത്യൻ പാർലമെന്റിനുനേരെ നടന്ന ആക്രമണത്തിലും 2006ൽ മുംബയിലെ യാത്രാ ട്രെയിനുകൾക്ക് നേരെനടന്ന ആക്രമണത്തിലും പങ്കുണ്ട്. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം മുരിദ്‌കെയിലെ ലഷ്‌കറെയുടെ മർകസ് തായ്ബ ക്യാമ്പ് തകർത്തു.
ജെയ്‌ഷെ മുഹമ്മദ്
2000ൽ രൂപീകരിക്കപ്പെട്ട ഭീകരസംഘടന. 1999ൽ ഇന്ത്യൻ ജയിലിൽ നിന്ന് മോചിതനായ മസൂദ് അസറാണ് സ്ഥാപകൻ. 2019 മേയ് ഒന്നിന് യു.എൻ രക്ഷാസമിതി ആഗോളഭീകരനായി ഇയാളെ പ്രഖ്യാപിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ മസൂദ് അസറിന്റെ ബന്ധുക്കളുൾപ്പെടെയുള്ള ഭീകരരെ ഇന്ത്യ വധിച്ചു. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016ലെ പത്താൻകോട്ട്, 2019ലെ പുൽവാമ തുടങ്ങി ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനയാണ്.
അസറിനെ രണ്ടുതവണ പാകിസ്ഥാൻ അറസ്റ്റു ചെയ്തെങ്കിലും വിട്ടയച്ചു.
ഹിസ്ബുൾ മുജാഹിദ്ദീൻ
1989ൽ കാശ്മീരി വിഘടനവാദി നേതാവ് മുഹമ്മദ് അഹ്സാൻ ദാർ രൂപീകരിച്ച സംഘടന. 1988ൽ ഇന്ത്യൻ സർക്കാരിനെതിരെ കാശ്മീരിൽ നടന്ന പ്രതിഷേധങ്ങളിൽ നിന്ന് വളർന്നുവന്ന സംഘടന. കാശ്മീരിലെ ഏറ്റവും വലിയ തദ്ദേശീയ വിമത ഗ്രൂപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |