ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ സംഭവ വികാസങ്ങൾക്ക് ശേഷം പാകിസ്ഥാന്റെ ആവശ്യപ്രകാരമാണ് നിലവിലെ വെടിനിറുത്തൽ പ്രഖ്യാപനം വന്നത്. ആ രാജ്യത്തെ സംബന്ധിച്ച് വെടിനിറുത്തൽ ഒരു അനിവാര്യതയായിരുന്നു. ഇന്നലെ ഇന്ത്യൻ സൈനിക മേധാവികൾ നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാനിൽ സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയാണ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. കുറഞ്ഞ സമയം കൊണ്ട് അവർക്ക് നമ്മളിൽ നിന്ന് നേരിടേണ്ടി വന്നത് ചെറിയ ആക്രമണമായിരുന്നില്ല. സൈനിക ക്യാമ്പുകളും എയർ ഫീൽഡുകളും റഡാർ സ്റ്റേഷനുകളും തകർക്കപ്പെട്ടതിന്റെ ചിത്രങ്ങൾ സഹിതമുള്ള വിവരണമാണ് ഇന്നലെ കണ്ടത്. വെടിനിറുത്തൽ അല്ലാതെ മറ്റൊരു മാർഗവും അവർക്ക് മുന്നിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഈ ആവശ്യവുമായി അവർ നമ്മുടെ ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസിനെ (ഡി.ജി.എം.ഒ.) ബന്ധപ്പെട്ടതും.
ഈ വെടിനിറുത്തൽ ഇനി പാകിസ്ഥാൻ ലംഘിക്കാനുള്ള ഒരു സാദ്ധ്യതയും ഇല്ല. അമേരിക്കയുടെ ഇടപെടലും മദ്ധ്യസ്ഥശ്രമങ്ങളും അതിന് അടിവരയിടുന്നു. പാകിസ്ഥാന് മുകളിൽ അമേരിക്കയുടെ സമ്മർദ്ദം ഇനിയുണ്ടാകും. മേഖലയിൽ അസ്വസ്ഥത പടരുന്നത് അവർ ഇഷ്ടപ്പെടുന്നുമില്ല. അതേസമയം ഇന്ത്യ ഓപ്പറേഷൻ സിന്ദുർ ആരംഭിക്കുമ്പോൾ തന്നെ പാക് ഡി.ജി.എം.ഒയെ വിവരം അറിയിച്ചിരുന്നു. മിലിട്ടറി, സിവിലിയൻ കേന്ദ്രങ്ങളെ സ്പർശിക്കില്ലെന്നും ഭീകര താവളങ്ങൾ മാത്രമാണ് നമ്മുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയതുമാണ്. അത് ചെവിക്കൊള്ളാതെ ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു അവരുടെ ഭീഷണി. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് അറിഞ്ഞതോടെ അവർക്ക് സമാധാനം ആവശ്യപ്പെട്ട് നമ്മളെ സമീപിക്കേണ്ടി വന്നു. ഇന്ന് ഡി.ജി.എം.ഒ തലത്തിലെ രണ്ടാമത്തെ ചർച്ച നടക്കും. ഇതിൽ വെടിനിറുത്തൽ നിലനിറുത്തേണ്ട മാർഗങ്ങളും കഴിഞ്ഞ ദിവസം പാകിസ്ഥാൻ ലംഘിച്ചതും സംഭാഷണവിഷയമാകും. വെടിനിറുത്തൽ ലംഘനമോ മറ്റേതെങ്കിലും സാഹസമോ ഇനി പാകിസ്ഥാന്റെ പക്കൽ നിന്ന് ഉണ്ടാകാനുള്ള സാദ്ധ്യത ഇല്ലെന്ന് തന്നെ പറയാം.
ഇന്ത്യയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള മറുപടിയും നടപടികളും പാകിസ്ഥാനെ അമ്പരപ്പിച്ചു. പാക് പഞ്ചാബിൽ ഉൾപ്പടെ ഇന്ത്യ ആക്രമണം നടത്തുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. അതേസമയം പാകിസ്ഥാന് ഇന്ത്യയ്ക്കുള്ളിൽ ഒന്നും തന്നെ ചെയ്യാനുമായിട്ടില്ല. നാശനഷ്ടങ്ങളുമുണ്ടായില്ല. സൈനികമായി പാകിസ്ഥാന് വലിയ ക്ഷീണം തന്നെയാണ് ഈ സംഘർഷം. പഹൽഗാം പോലെ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന ഇന്ത്യൻ നിലപാട് അവരെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യയുടെ സൈന്യത്തിന്റെ പ്രൊഫഷണലിസവും നമ്മുടെ ആയുധങ്ങളുടെയും ടെക്നോളജിയുടെയും മേന്മയും സൈനികവിഭാഗങ്ങളുടെ ഏകോപനവും ഈ സംഘർഷത്തിലൂടെ പാകിസ്ഥാനെ മാത്രമല്ല,ലോകത്തെ കൂടി അറിയിക്കാനായി എന്നത് വലിയൊരു നേട്ടം കൂടിയാണ്. സൈനിക ശേഷിയിൽ ഇന്ത്യയ്ക്ക് മുന്നിൽ പാകിസ്ഥാൻ ഒന്നുമല്ലെന്നും ഈ സംഭവവികാസങ്ങൾ ലോകത്തെ ബോദ്ധ്യപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |