ന്യൂഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ സ്വീകാര്യമല്ലെന്ന് തുറന്നടിച്ച് കോൺഗ്രസ്. കേന്ദ്ര സർക്കാർ അതിന് അനുവദിച്ചോയെന്ന് രാജ്യത്തിന് അറിയണമെന്നും ആവശ്യപ്പെട്ടു. പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റ് വാർത്താസമ്മേളനം നടത്തിയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
മദ്ധ്യസ്ഥത വഹിച്ചെന്നും വെടിനിറുത്തലിന് ധാരണയായെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സ് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.
ഇതിനുശേഷമാണ് ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചത്.
യു.എസ് പ്രസിഡന്റിന്റെ വെടിനിറുത്തൽ പ്രഖ്യാപനം അമ്പരപ്പിച്ചെന്ന് സച്ചിൻ പൈലറ്ര് പറഞ്ഞു. മദ്ധ്യസ്ഥത കേന്ദ്രസർക്കാർ അംഗീകരിച്ചോയെന്ന് രാജ്യത്തിന് അറിയണം. എന്തായിരുന്നു വ്യവസ്ഥകൾ ?
ചർച്ചകൾക്ക് നിഷ്‌പക്ഷ വേദിയുണ്ടായെന്ന അഭ്യൂഹം ശക്തമാണ് . പാക് അധീന കാശ്‌മീരിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുപോകണമെന്ന് 1994ൽ ലോക്‌സഭയും രാജ്യസഭയും ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നതാണ്. അതേസമയം, ഇന്ത്യൻ സായുധ സേനയുടെ പോരാട്ടവീര്യത്തെ കോൺഗ്രസ് പ്രകീർത്തിച്ചു.
മൂന്നാം കക്ഷി മദ്ധ്യസ്ഥതയ്ക്ക്
വാതിൽ തുറന്നിട്ടോ?
1. മൂന്നാം കക്ഷി മദ്ധ്യസ്ഥതയ്‌ക്ക് കേന്ദ്രസർക്കാർ വാതിൽ തുറന്നിട്ടോ എന്നതാണ് കോൺഗ്രസ് ഉന്നയിക്കുന്ന മുഖ്യചോദ്യം.
2. സിംല കരാർ പ്രകാരം ഐക്യരാഷ്ട്ര സഭയുടെപോലും മദ്ധ്യസ്ഥത ഇന്ത്യയ്ക്ക് സ്വീകാര്യമല്ല. ആ കരാർ ഉപേക്ഷിച്ചോ ?
3. ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചോ ?
4. പാകിസ്ഥാനോട് എന്താണ് ആവശ്യപ്പെട്ടത് ? എന്താണ് നേടിയത് ?
പാർലമെന്റ് ചേരാൻ
പ്രധാനമന്ത്രിക്ക് കത്ത്
പാർലമെന്റ് പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് ആവർത്തിച്ച് ആവശ്യപ്പെട്ടു. സർവകക്ഷിയോഗവും വിളിക്കണം. ഇതിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഓപ്പറേഷൻ സിന്ദൂർ, യു.എസ് ഇടപെടൽ, വെടിനിർത്തൽ ധാരണ എന്നിവ ചർച്ച ചെയ്യണം. പ്രധാനമന്ത്രി നേരിട്ടു വിശദീകരിക്കണം.
1971ലെ സാഹചര്യമല്ല
ഇപ്പോഴത്തേത് : തരൂർ
1971ലെ ഇന്ത്യ - പാക് യുദ്ധവും ഇപ്പോഴത്തെ സാഹചര്യവും വ്യത്യസ്‌തമാണെന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്‌താവന നേതൃത്വത്തെ വെട്ടിലാക്കി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഉയർത്തിക്കാട്ടിയും മോദിയെ വിർമശിച്ചും കോൺഗ്രസ് പ്രചാരണം നടത്തുന്നതിനിടെയാണ് തരൂരിന്റെ വേറിട്ട സ്വരം. സംഘർഷം അനാവശ്യമായി നിയന്ത്രണാതീതമാകുന്ന ഘട്ടത്തിലെത്തിയെന്നും രാജ്യത്തിന് സമാധാനം അത്യാവശ്യമാണെന്നും തരൂർ പ്രതികരിച്ചിരുന്നു.ഭീകരരെ പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതുണ്ടായെന്നും തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |