ന്യൂഡൽഹി: മേയ് 9ന് രാത്രി പത്ത് വ്യോമതാവളങ്ങൾ ആക്രമിച്ച ഇന്ത്യൻ വ്യോമസേനയുടെ അപ്രതീക്ഷിത നീക്കത്തിൽ അന്ധാളിച്ച പാകിസ്ഥാന് മുന്നിൽ രണ്ടു വഴികളാണുണ്ടായിരുന്നത്: നാണക്കേട് മറയ്‌ക്കാൻ അതിർത്തിയിൽ കൂടുതൽ ആക്രമണം അഴിച്ചുവിടുകയോ ആണവ ഭീഷണി മുഴക്കുകയോ ചെയ്യുക, കൂടുതൽ അപകടം തടയാൻ അന്താരാഷ്‌ട്ര ഇടപെടലിലൂടെ വെടിനിർത്തലിന് വഴങ്ങുക.
ഈ സമയത്ത് തന്നെയാണ് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇരുരാജ്യങ്ങളെയും ബന്ധപ്പെട്ടത്. വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ വഴി സൗദി അറേബ്യയും മറ്റൊരുവഴി ഒത്തുതീർപ്പ് ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സൗദി നേതൃത്വവുമായുള്ള നല്ല ബന്ധമാണ് ചർച്ചകൾക്ക് വഴി മരുന്നിട്ടത്. എന്നാൽ സൗദി നീക്കങ്ങൾ അണിയറയിൽ ഒതുങ്ങി.
നിലപാടുകൾ വിദേശരാജ്യങ്ങളെ അപ്പപ്പോൾ അറിയിച്ച ഇന്ത്യ, വെടിനിറുത്തലിന് ഇടപെടാൻ ആരെയും നിർബന്ധിച്ചിരുന്നില്ല. പാക് സേനാ മേധാവി അസീം മുനീറിനെ വിളിച്ച മാർക്കോ റൂബിയോ സംഘർഷം തുടരുന്നത് പാകിസ്ഥാന് ദോഷം ചെയ്യുമെന്ന് ബോധ്യപ്പെടുത്തി. ജമ്മുകാശ്‌മീർ വിഷയത്തിൽ അടക്കം മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ അനുവദിക്കാത്തതിനാൽ പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻ മേധാവി തന്നെ നേരിട്ട് വെടിനിർത്തൽ ആവശ്യപ്പെടാൻ നിർദ്ദേശിച്ചു.
വൈകിട്ട് മൂന്നരയ്‌ക്ക് പാക് മിലിട്ടറി ഓപ്പറേഷൻ മേധാവി(ഡി.ജി.എം.ഒ) മേജർ ജനറൽ കാഷിഫ് അബ്ദുള്ള,ഇന്ത്യൻ മിലിട്ടറി ഓപ്പറേഷൻ മേധാവി ലെഫ്. ജനറൽ രാജീവ് ഗായിയെ വിളിച്ച് വെടിനിർത്തൽ നിർദ്ദേശം അവതരിപ്പിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയതാണെന്നും തുടർന്നുള്ള പ്രകോപനങ്ങൾക്ക് ഉത്തരവാദിയല്ലെന്നും സിന്ധു നദീ കരാർ മരവിപ്പിച്ചത് തുടരുമെന്നും വ്യക്തമാക്കിയശേഷമാണ് വെടിനിർത്തലിന് ഇന്ത്യ സമ്മതിച്ചത്.
ഇക്കാര്യങ്ങൾ പാകിസ്ഥാൻ ഉടൻ യു.എസിനെ അറിയിച്ചു. അവസരം മനസിലാക്കിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ ധാരണ വെളിപ്പെടുത്തി മദ്ധ്യസ്ഥന്റെ റോളെടുത്തു. ജമ്മുകാശ്‌മീർ വിഷയത്തിൽ അടക്കം യു.എസ് ഇടപെടണമെന്ന് പാകിസ്ഥാൻ അഭ്യർത്ഥിച്ചതായുള്ള സൂചനകൾ സ്ഥിരീകരിക്കുന്നതാണ് ചർച്ചകൾ നടത്താമെന്ന ട്രംപിന്റെ പ്രസ്‌താവന.
ഇന്ത്യ അംഗീകരിച്ചിട്ടില്ല
വെടിനിർത്തൽ ധാരണയ്‌ക്ക് പിന്നിൽ മൂന്നാംകക്ഷിയുണ്ടെന്ന് ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. നിലപാടിൽ വെള്ളം ചേർത്താൽ അത് രാഷ്‌ട്രീയമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര സർക്കാരിനറിയാം. ചർച്ചകളുടെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്‌താവന നടത്തണമെന്നും ആവശ്യമുണ്ട്.
സംഘർഷ സമയത്ത് സർക്കാരിന് പിന്തുണ നൽകി പ്രകോപനങ്ങൾ ഒഴിവാക്കിയ പ്രതിപക്ഷം, ഇനി പക്ഷേ നിലപാട് മാറ്റിയേക്കാം. ഇക്കൊല്ലം നടക്കാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ പഹൽഗാം ആക്രമണവും തുടർന്നുള്ള തിരിച്ചടിയും കേന്ദ്രസർക്കാരും ബി.ജെ.പിയും രാഷ്‌ട്രീയമായി ഉപയോഗിക്കുമെന്ന് പ്രതിപക്ഷത്തിനറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |