
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കപരിഹാര ശ്രമങ്ങളിൽ ഏർപ്പെട്ട ഭൂട്ടാനെ ചേർത്തു നിറുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ. ഇന്ത്യ സന്ദർശിക്കുന്ന ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാഗ്ചുക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ സാമ്പത്തിക സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ധാരണയായി. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും രാജാവ് കൂടിക്കാഴ്‌ച നടത്തി.
ഇന്നലെ രാവിലെ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പ്രാർത്ഥിച്ച ശേഷം 11മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്‌ച. കൂടിക്കാഴ്‌ച ഊഷ്മളവും ഫലപ്രദവുമായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റു ചെയ്‌തു. രാജാവുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളും ഇന്ത്യ-ഭൂട്ടാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും ജിഗ്‌മേ ഖേസർ കൂടിക്കാഴ്‌ച നടത്തി.
വൈകുന്നേരം രാഷ്‌ട്രപതി ഭവനിൽ വച്ചാണ് രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തിയത്. ഭൂട്ടാന്റെ ഏറ്റവും വലിയ വികസന പങ്കാളി എന്ന നിലയിൽ, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യം, ഡിജിറ്റലൈസേഷൻ, നൈപുണ്യ വികസനം എന്നീ മേഖലകളിലെ പദ്ധതികളെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് മുർമു പറഞ്ഞു.
ഉയർന്ന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഭൂട്ടാന്റെ യാത്രയിൽ വിശ്വസ്ത പങ്കാളിയായി നിലനിൽക്കും. സഹകരണത്തിന്റെ പരിധി വിപുലീകരിക്കണമെന്നും അവർ പറഞ്ഞു.
സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കും
ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിലെ ഡോക്‌ലാം പ്രവിശ്യയിലെ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയ്‌ക്കും ഭൂട്ടാനും സമാന താത്പര്യമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു. മൂന്നു രാജ്യങ്ങളുടെ അതിർത്തിയിൽ ചൈന-ഭൂട്ടാൻ അതിർത്തി തർക്ക ചർച്ചകൾ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് വിശദീകരണം.
സുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയും ഭൂട്ടാനും സഹകരിക്കുമെന്ന് ക്വാത്ര പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ മാതൃകാപരമായ ബന്ധത്തിന് പുറമെ, സുരക്ഷാ സഹകരണത്തിന്റെ ചട്ടക്കൂടുമുണ്ട്. പരസ്പര താത്പര്യമുള്ള വിഷയങ്ങളിലും സുരക്ഷയുമായി ബന്ധപ്പെട്ടവയിലും കൂടിയാലോചനകൾ നടത്തുന്നതാണ് പതിവ്. അതിനാൽ സുരക്ഷാ ആശങ്കകൾക്ക് അടിസ്ഥാനമില്ല. എല്ലാ സംഭവവികാസങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അതിർത്തി സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |