ബംഗളൂരു: വർഗീയതയും ആക്ഷേപങ്ങളും കൊഴുപ്പിച്ച പ്രചാരണത്തിനൊടുവിൽ കർണ്ണാടക നിയമസഭയിലേക്ക് ഇന്ന് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
224 അംഗ സഭയിൽ കേവല ഭൂരിപക്ഷമായ113 സീറ്റ് ഒപ്പിക്കാൻ കനത്തപോരിലാണ് കോൺഗ്രസും ബി.ജെ.പിയും. ഇരുകൂട്ടർക്കും അഗ്നിപരീക്ഷ.
എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. ബി. ജെ. പി 80 - 85 സീറ്റിൽ ഒതുങ്ങുമെന്നാണ് പ്രവചനം.
ജനതാദളുമായി കഴിഞ്ഞ തവണ പാളിയ സഖ്യത്തിന്റെ അനുഭവത്തിൽ തനിച്ച് ഭൂരിപക്ഷം നേടാനാണ് കോൺഗ്രസ് ശ്രമം. സ്വന്തം സാദ്ധ്യത നിലനിറുത്താൻ കരുതലോടെ ജനതാദളും.
ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ, ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങി കർണ്ണാടക രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നവരിൽ ആരു വീഴും ആര് വാഴും എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം.
ഭരണവിരുദ്ധ വികാരം, മാറി മറയുന്ന ജാതി - സമുദായ പിന്തുണ, ന്യൂനപക്ഷ സംവരണം റദ്ദാക്കൽ തുടങ്ങിയ ഘടകങ്ങളാണ് ജനവിധി നിശ്ചയിക്കുക. കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കെ, ഭരണകക്ഷിയായ ബി.ജെ.പി. പ്രധാന ആയുധമാക്കിയത് വർഗീയതയായിരുന്നു. അധികാരത്തിൽ എത്തിയാൽ ബജ്‌റംഗ് ദളിനെ നിരോധിക്കും എന്ന കോൺഗ്രസിന്റെ പ്രചാരണ പത്രികയാണ് ആയുധം. വോട്ടു ചെയ്യുമ്പോൾ മനസിൽ ജയ് ബജ്റംഗ് ബലി എന്നു പറയണമെന്നായിരുന്നു ബി.ജെ.പിയുടെ പ്രചാരണം.
ദക്ഷിണേന്ത്യയിൽ ബി. ജെ. പിയുടെ ഏക സംസ്ഥാനം നിലനിറുത്താൻ ജെ.പി. നദ്ദ, അമിത് ഷാ, സ്മൃതി ഇറാനി, നിർമ്മല സീതാരാമൻ, യോഗി ആദിത്യനാഥ് തുടങ്ങി 40 അംഗ താര പ്രചാരകരും പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തി. ആയിരത്തിലധികം റോഡ് ഷോയും പൊതുസമ്മേളനങ്ങളും 200ലധികം മഹാറാലികളും ബി.ജെ.പി നടത്തി. ഇതെല്ലാം ഫലം കാണുമോ എന്ന് ശനിയാഴ്ച അറിയാം.
224 മണ്ഡലങ്ങൾ
2613 സ്ഥാനാർത്ഥികൾ
5.3 കോടി വോട്ടർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |