SignIn
Kerala Kaumudi Online
Thursday, 19 February 2026 1.56 AM IST

ചണ്ഡിഗർ മേയർ തിരഞ്ഞെടുപ്പ്, വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണം: സുപ്രീംകോടതി

Increase Font Size Decrease Font Size Print Page
sc

ന്യൂഡൽഹി: ചണ്ഡിഗർ മേയർ തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് വരണാധികാരി അനിൽ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി. അനിൽ മസീഹ് ബാലറ്റ് പേപ്പറിൽ മാറ്റങ്ങൾ വരുത്തി അട്ടിമറി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എട്ടു ബാലറ്രുകളിൽ മാറ്റം വരുത്തിയതായി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിനു മുന്നിൽ അനിൽ സമ്മതിച്ചു. മറ്റു പേപ്പറുകൾക്കൊപ്പം കൂടിക്കലരാതിരിക്കാനാണ് ഇതു ചെയ്തതെന്നും നേരിട്ട് വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ അനാവശ്യ ഇടപെടൽ നടത്തുന്നത് ഗുരുതരമായ കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടെന്നും നിഷ്പക്ഷനായ പ്രിസൈഡിംഗ് ഓഫീസറെ ഉപയോഗിച്ചു കൊണ്ട് നിലവിലെ ബാലറ്റുകൾ എണ്ണാൻ ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 2ന് ബാലറ്ര് പേപ്പറുകൾ കോടതിയിലെത്തിക്കണമെന്നും നിർദ്ദേശിച്ചു.


ബാലറ്റ് പേപ്പറുകളും മറ്ര് രേഖകളും പഞ്ചാബ്- ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിനു കൈമാറാൻ ചണ്ഡിഗർ ഭരണകൂടത്തിനു കോടതി നേരത്തേ നിർദ്ദേശം നൽകിയിരുന്നു. തിരഞ്ഞെടുപ്പിനു സ്റ്റേ ആവശ്യപ്പെട്ട് ആം ആദ്മി കൗൺസിലറും മേയർ സ്ഥാനാർത്ഥിയുമായിരുന്ന കുൽദീപ്‌കുമാർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. മേയറായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സ്ഥാനാർത്ഥി മനോജ് സൊങ്കർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

3 ആംആദ്മി അംഗങ്ങൾ

ബി.ജെ.പിയിൽ

മനോജ് സൊങ്കർ മേയർ സ്ഥാനം രാജിവച്ചതിനു പിന്നാലെ മൂന്ന് എ.എ.പി കൗൺസിലർമാർ ബി.ജെ.പിയിലേക്ക് കൂറുമാറി. പൂനം ദേവി, നേഹ, ഗുർചരൺ കല എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതോടെ 36 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ വീണ്ടും ബി.ജെ.പിക്ക് ആധിപത്യമായി.

ഇതോടെ 17 കൗൺസിലർമാർ ബി.ജെ.പി പക്ഷത്തായി. ശിരോമണി അകാലിദൾ കൗൺസിലറുടെ പിന്തുണയുമുണ്ട്. ബി.ജെ.പി എം.പി കിരൺ ഖേറിന് എക്സ്- ഒഫീഷ്യോ അംഗം എന്ന നിലയിൽ വോട്ടവകാശം ഉള്ളതിനാൽ അംഗബലം 19 ആകും. എ.എ.പിക്ക് പത്തും കോൺഗ്രസിന് ഏഴും കൗൺസിലർമാരാണ് ഉള്ളത്.

ജനുവരി 30നു നടന്ന മേയർ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ" മുന്നണിയുടെ കുൽദീപ് കുമാറിനു 20ഉം മനോജ് സൊൻകറിന് 16ഉം വോട്ടാണ് ലഭിച്ചത്. എന്നാൽ, കുൽദീപിനു ലഭിച്ചതിൽ എട്ടു വോട്ട് അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചതോടെ മനോജ് ജയിക്കുകയായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, CHANDIGARH SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY