
ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി ഏഴ് എം.പിമാരുടെയും ബി.ജെ.പി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം. രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ഏഴ് എം.പിമാർക്കാണ് രാജ്യസഭാ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണൻ അംഗീകാരം നൽകിയത്. ഇതോടെ സഭയിൽ ബി.ജെ.പി എം.പിമാർ 113ഉം എൻ.ഡി.എയുടേത് 148മായി ഉയരുകയും ആംആദ്‌മി പാർട്ടിയുടേത് മൂന്നായി ചുരുങ്ങുകയും ചെയ്‌തു.
വർഷാവസാനത്തോടെ, ഒഴിയുന്ന സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബി.ജെ.പിക്ക് അഞ്ച് എം.പിമാർ കൂടി ലഭിക്കാനിടയുണ്ട്. സഭയിൽ മൂന്ന് രണ്ട് ഭൂരിപക്ഷത്തിന് 163 സീറ്റുകളാണ് വേണ്ടത്. രാജ്യസഭയിലെ പത്ത് ആംആദ്‌മി എം.പിമാരിൽ മൂന്നിലൊന്ന് പേർ ബി.ജെ.പിയിൽ ചേർന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന വാദം അംഗീകരിച്ചാണ് അദ്ധ്യക്ഷന്റെ തീരുമാനം.
അനുകൂല തീരുമാനമുണ്ടാകില്ലെന്ന് ഉറപ്പായിരുന്ന ആംആദ്‌മി നിയമത്തിന്റെ വഴി തേടാനുള്ള നീക്കത്തിലാണ്.
രാഘവ് ചദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ, ഹർഭജൻ സിംഗ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി എന്നിവർ ഇപ്പോൾ ബി.ജെ.പി പാർലമെന്ററി പാർട്ടിയുടെ ഭാഗമാണെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. അവർ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാത്ത,അച്ചടക്കലംഘനം നടത്താത്തവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യസഭയിലെ
പ്രധാന കക്ഷികൾ
ബി.ജെ.പി: 113
കോൺഗ്രസ്: 29
തൃണമൂൽ:13
ഡി.എം.കെ: 8
വൈ.എസ്.ആർ കോൺഗ്രസ്: 7
ബി.ജെ.ഡി: 6
അണ്ണാ ഡി.എം.കെ: 5
ജെ.ഡി.യു: 4
സമാജ്‌വാദി പാർട്ടി: 4
എൻ.സി.പി: 4
സി.പി.എം: 3
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |