
ബംഗളൂരു: മംഗളൂരു പ്രഷർ കുക്കർ സ്ഫോടന കേസിൽ പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച് ബംഗളൂരു പ്രത്യേക കോടതി. കുക്കറിലൊളിപ്പിച്ച സ്ഫോടക വസ്തു ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിച്ച സംഭവത്തിലാണ് പ്രതി മുഹമ്മദ് ഷരീഖിനെ ശിക്ഷിച്ചത്. മൂന്ന് കൊല്ലത്തിനും നാലു മാസത്തിനും ശേഷമാണ് വിധി.
എൻ.ഐ.എ അന്വേഷിച്ച കേസിൽ വിചാരണയ്ക്കിടെ 2024ൽ താൻ നിരപരാധിയാണെന്ന് മുഹമ്മദ് ഷരീഖ് വാദിച്ചിരുന്നു. വൈകാതെ കുറ്റം ഏറ്റുപറഞ്ഞ നാടകീയതയ്ക്കും ഇതേ കോടതി സാക്ഷ്യം വഹിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റതിന് പിന്നാലെ എൻ.ഐ.എ കസ്റ്റഡിയിലെടുത്ത പ്രതി ബംഗളൂരു സെൻട്രൽ ജയിലിലാണ് നിലവിലുള്ളത്.
2022 നവംബർ 19ന് കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ ബോംബ് വയ്ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സ്ഫോടനം. പ്രതി സെറ്റ് ചെയ്തിരുന്ന ടൈമറിലെ സമയം മാറിയതോടെ യാത്രാമദ്ധ്യേ കങ്കനാടിയിൽ വച്ച് ഓട്ടോറിക്ഷയ്ക്കുള്ളിൽ സ്ഫോടനം നടക്കുകയായിരുന്നു. സ്ഫോടനത്തിൽ ഷരീഖിനും ഓട്ടോ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സ്ഫോടനത്തിന് മുൻപ് പ്രതി ട്രയൽ നടത്തിയതായും ആലുവയിൽ ഉൾപ്പെടെ എത്തി താമസിക്കുകയും ചെയ്തതായി എൻ.ഐ.എ കണ്ടെത്തി. ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടനായാണ് കർണാടകയിലെ ഷിമോഗ സ്വദേശിയായ ഷെരീഖ് ഇതിന് തുനിഞ്ഞതെന്നായിരുന്നു എൻ.ഐ.എയുടെ കുറ്റപത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |