
ന്യൂഡൽഹി: 8,284 ഇന്ത്യൻ ഉത്പന്നങ്ങൾ തീരുവയില്ലാതെ കയറ്റുമതി ചെയ്യാൻ വ്യവസ്ഥയുള്ള സ്വതന്ത്ര വ്യാപാരക്കരാറിൽ ഇന്ത്യയും ന്യൂസിലൻഡും ഒപ്പിട്ടു. തുകൽ, കൈത്തറി, കരകൗശല വസ്തുക്കൾ ഉൾപ്പെടെ 70 ശതമാനത്തോളം ഇന്ത്യൻ ഉത്പന്നങ്ങൾ ന്യൂസിലൻഡ് വിപണിയിൽ സുലഭമാകും. ആട്ടിറച്ചി, കമ്പിളി, മരം, കൽക്കരി, വൈൻ, പഴങ്ങൾ തുടങ്ങിയ ന്യൂസിലൻഡ് ഉത്പന്നങ്ങളുടെ തീരുവയും ഒഴിവാക്കും. പാൽ, ഉള്ളി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണകൾ തുടങ്ങിയവയ്ക്ക് ഇളവു ബാധകമല്ല.
ഇന്നലെ ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാരമന്ത്രി ടോഡ് മക്ലേയുമാണ് കരാർ ഒപ്പിട്ടത്. ന്യൂസിലൻഡ് പാർലമെന്റിന്റെ അംഗീകാരത്തിനുശേഷം ആറുമാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.
ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കരാറാണിതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ പറഞ്ഞു. ന്യൂസിലൻഡ് ഉത്പന്നങ്ങൾക്ക് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രവേശനം ലഭിക്കുന്നത് പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി. പത്തുവർഷത്തോളം തടസപ്പെട്ട ചർച്ചകൾ 2025 മാർച്ചിൽ പുനരാരംഭിച്ചതോടെയാണ് വ്യാപാരക്കരാർ യാഥാർത്ഥ്യമായത്.
പഴങ്ങൾക്കും വൈനിനും വിലകുറയും
ഇന്ത്യൻ തുണിത്തരങ്ങൾ, തുകൽ, ഫാർമസ്യൂട്ടിക്കൽസ്, മെഷിനറി, ഓട്ടോ ഘടകങ്ങൾ തുടങ്ങിയവയ്ക്ക് ഈടാക്കുന്ന 2.2 ശതമാനം തീരുവ ഇല്ലാതാകും
ന്യൂസിലൻഡിൽ നിന്നുള്ള പഴങ്ങളും വൈനുകളും വിലക്കുറവിൽ ഇന്ത്യയിൽ ലഭിക്കും. ഭക്ഷ്യ സംസ‌്കരണ മേഖലയ്‌ക്കും ഗുണം
അഞ്ചു വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറാക്കുക ലക്ഷ്യം
15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ സേവന, ഉത്പാദന, സാങ്കേതികവിദ്യ മേഖലകളിൽ 2,000 കോടി ഡോളർ ന്യൂസിലൻഡ് നിക്ഷേപം
ഐ.ടി, ആരോഗ്യ സംരക്ഷണം, നിർമ്മാണം, എൻജിനിയറിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ന്യൂസിലൻഡിൽ അവസരം.
5,000 ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പ്രതിവർഷം 1,000 വർക്ക്, ഹോളിഡേ വിസകൾ ലഭ്യമാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |