#ഫയർ എക്‌സിറ്റും, എമർജൻസി എക്‌സിറ്റും ഉണ്ടായിരുന്നില്ല
ന്യൂഡൽഹി : സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തം. തറനിരപ്പിലും താഴെയുള്ള ബേസ്‌മെന്റിൽ വാഹന പാർക്കിംഗിനും വാഷ്റൂം നിർമ്മിക്കാനുമാണ് നോർത്ത് മുനിസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയിരുന്നത്. ആ വ്യവസ്ഥയോടെയാണ് അഗ്നിശമന സേനയും ഫയർ എൻ.ഒ.സി നൽകിയത്. അവിടെയാണ് നിയമവിരുദ്ധമായി ലൈബ്രറി പണിതത്. ഫയർ എക്‌സിറ്റും എമർജൻസി എക്‌സിറ്റും ഉണ്ടായിരുന്നില്ല. നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാർക്കിംഗും അതിനും താഴെ ലൈബ്രറിയുമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ ഈ മേഖലയിലേക്ക് പ്രവേശനം പൂർണമായും വിലക്കി.
മേഖലയിലെ ഡ്രെയിനേജ് സംവിധാനം കാലങ്ങളായി തകർന്നുകിടക്കുകയാണ്. ഓട വൃത്തിയാക്കൽ നടക്കുന്നില്ലെന്ന് പരിസരവാസികൾ വ്യക്തമാക്കി. ഡൽഹിയിൽ കുറച്ചുദിവസങ്ങളായി ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. മഴവെള്ളവും മലിനജലവും ഒരുമിച്ച് റോഡിലേക്കും സ്ഥാപനങ്ങളിലേക്കും ഒഴുകിയിറങ്ങുന്നു. നിരവധി തവണ വിദ്യാർത്ഥികൾ സ്ഥലം കൗൺസിലറെ കണ്ട് പരാതിപ്പെട്ടിരുന്നു.
പഴിചാരൽ
മുനിസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്ന ആം ആദ്മി പാർട്ടിയും, പ്രതിപക്ഷത്തെ ബി.ജെ.പിയും പരസ്‌പരം പഴിചാരുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും മന്ത്രി അതിഷിയുടെയും ആംആദ്മി സർക്കാരിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും അഴിമതി അന്വേഷിക്കണമെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആവശ്യപ്പെട്ടു. കൊലപാതകമാണ് നടന്നിരിക്കുന്നത്. ന്യൂഡൽഹിയിലെ ബി.ജെ.പി എം.പി ബാൻസുരി സ്വരാജും വിമർശനവുമായി രംഗത്തെത്തി. ഡ്രെയിനേജ് വൃത്തിയാക്കാൻ നടപടിയെടുക്കണമെന്ന് മേഖലയിലെ എം.എൽ.എയായ ആംആദ്മിയിലെ ദുർഗേഷ് പഥക്കിനോട് ജനങ്ങൾ ഏറെക്കാലമായി പറയുന്നുവെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, ഓടകളിലെ ചെളി നീക്കം ചെയ്യാൻ നടപടിയെടുത്തുവെന്ന് ദുർഗേഷ് പഥക്ക് പ്രതികരിച്ചു. 15 വർഷത്തെ ബി.ജെ.പി ഭരണത്തിലാണ് ഡ്രെയിനേജ് സംവിധാനം തകർന്നത്. അതു ശരിയാക്കാൻ ഒരു വർഷമായി ശ്രമിച്ചുവരികയാണെന്നും ആംആദ്മി എം.എൽ.എ കൂട്ടിച്ചേർത്തു.
#ഉദ്യോഗസ്ഥർക്കെതിരെ
നടപടി വേണം
വീഴ്ചകളിൽ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഡൽഹി മേയർ ഷെല്ലി ഒബ്റോയ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് രാജ്യസഭാ എം.പി സ്വാതി മലിവാൾ പ്രതികരിച്ചു. നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |