ന്യൂഡൽഹി: അഴിമതി, ഭീകരവാദം, വിഘടനവാദം എന്നിവയിൽ നിന്ന് മുക്തമായ ജമ്മു കാശ്മീരിനെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ അധികാരലേറി അതു നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്ടോബർ ഒന്നിന് നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ജമ്മുവിലെ എം.എ.എം സ്റ്റേഡിയത്തിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പി.ഡി.പി കക്ഷികളുടെ ദുർഭരണത്തിൽ മടുത്ത ജനം ബി.ജെ.പിയെ അധികാരത്തിലേറ്റും. ജമ്മു കാശ്‌മീരുകാർ അവരുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ല. അഴിമതി, ജോലിയിലെ വിവേചനം, ഭീകരത, വിഘടനവാദം, രക്തച്ചൊരിച്ചിൽ എന്നിവയല്ല അവർ ആഗ്രഹിക്കുന്നത്. പകരം, കുട്ടികൾക്ക് സമാധാനവും നല്ല ഭാവിയും ആഗ്രഹിക്കുന്നു.
ആദ്യ രണ്ട് ഘട്ടങ്ങളിലെ കനത്ത പോളിംഗ് ജനങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. മാറ്റത്തിനുള്ള അവസരം പാഴാക്കരുത്. ബി.ജെ.പി സർക്കാർ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. മുൻ സർക്കാരുകൾ ജമ്മു മേഖലയോട് വിവേചനം കാണിച്ചു. സംസ്ഥാനം ഭീകരരുടെ പിടിയിലായത് കോൺഗ്രസ് കാരണമാണ്. സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ പാർട്ടിയുടെ തെറ്റായ നയങ്ങൾ ശത്രുക്കളെ പ്രോത്സാഹിപ്പിച്ചു.- മോദി പറഞ്ഞു.
പാക് അതിർത്തിയിൽ നടത്തിയ സർജിക്കൽ ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ നടത്തിയ പ്രസംഗത്തിലുടനീളം മോദി അക്കാര്യം ഉയർത്തിക്കാട്ടി. 'ഇന്ന് സെപ്തംബർ 28 ആണ്, ഈ ദിവസം ഒരു സർജിക്കൽ ആക്രമണം നടന്നു. സർക്കാർ അവരുടെ വെടിയുണ്ടകൾക്ക് മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് മറുപടി നൽകി. തെറ്റ് ചെയ്താൽ മോദി അവരെ ‘പതാളത്തിൽ’ പോയാൽ പോലും കണ്ടെത്തുമെന്ന് ഭീകരർക്ക് അറിയാം. ഇത് പുതിയ ഇന്ത്യയാണെന്ന സന്ദേശം.''
കോൺഗ്രസ് അനാദരവ് കാണിച്ചു
സർജിക്കൽ ആക്രമണത്തെ അവിശ്വസിച്ച കോൺഗ്രസ് രാജ്യത്തെ സേവിക്കുന്നവരെ അനാദരിച്ചെന്ന് മോദി കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ ഭാഷ സംസാരിക്കുന്ന പാർട്ടിയാണിത്. കോൺഗ്രസ് വെള്ളക്കൊടി കാണിച്ചതിനാൽ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം പതിവായിരുന്നു. ഒരു റാങ്ക് ഒരു പെൻഷൻ (ഒ.ആർ.ഒ.പി) പദ്ധതിയെക്കുറിച്ച് കോൺഗ്രസ് കള്ളം പറഞ്ഞു. ബി.ജെ.പി സർക്കാരാണ് പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |