രണ്ടാം തവണ യു.എസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ട്രംപിന്റെ യാത്ര അല്പം സാഹസികം കൂടിയാണ്. ബിസിനസിൽ തുടങ്ങി, തകർച്ചകൾ കണ്ട്, സ്വയം ഒരു ബ്രാൻഡായി മാറി യു.എസ് ചരിത്രത്തിലിടം നേടിയ യാത്ര. 1946 ജൂൺ 14ന് ന്യൂയോർക്കിലെ ക്വീൻസ് പട്ടണത്തിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായിരുന്ന ഫ്രെഡറിക് ട്രംപ്, മേരി ആൻ മക്ലിയോഡ് ട്രംപ് ദമ്പതികളുടെ അഞ്ച് മക്കളിൽ നാലാമനായി ജനനം. മിലിട്ടറി സ്കൂളിലും പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലുമായി പഠനം. വൈകാതെ റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. പിതാവിൽ നിന്ന് വലിയൊരു തുക മൂലധനമായി വാങ്ങി ട്രംപ് ആരംഭിച്ച ബിസിനസുകളൊക്കെ ബമ്പർ ഹിറ്റായി. നഷ്ടത്തിലായിരുന്ന പല ഹോട്ടലുകളും കാസിനോകളും വിലയ്ക്കുവാങ്ങി ലാഭത്തിലാക്കി. 33-ാം വയസിൽ മില്യണർ പദവിയിൽ. വർഷങ്ങൾക്കുള്ളിൽ ആരെയും അമ്പരിപ്പിക്കുവിധം വൻ സാമ്രാജ്യത്തിന്റെ ഉടമ.ബില്യണറായി വളർന്നു.
ട്രംപ് ഷട്ടിൽ എയർലൈൻസ് കമ്പനി, ന്യൂജേഴ്സി ജനറൽസ് എന്ന അമേരിക്കൻ ഫുട്ബാൾ ടീം ഉൾപ്പെടെ വിവിധ മേഖലകളിൽ അദ്ദേഹം മുദ്ര പതിപ്പിച്ചു.
'താജ്മഹലിൽ" കാലിടറി
1990കളിൽ അറ്റ്ലാന്റിക് സിറ്റിയിൽ പാതിവഴിയിൽ മുടങ്ങിപ്പോയ 'താജ്മഹൽ" എന്ന ലക്ഷ്വറി കാസിനോ വാങ്ങിയത് മുതലാണ് ട്രംപ് എന്ന ബിസിനസ് ബ്രാൻഡിന്റെ തകർച്ചതുടങ്ങിയത്. ബാങ്കുകളിൽ നിന്ന് ഒരു ബില്യൺ ഡോളർ വായ്പയെടുത്ത് കാസിനോയുടെ നിർമ്മാണം പൂർത്തിയാക്കി. ഒരു മില്യൺ ഡോളറിന്റെ ലാഭമെങ്കിലും ദിവസേന ലഭിച്ചാൽ മാത്രമേ വായ്പകളുടെ തിരിച്ചടവ് സാദ്ധ്യമായിരുന്നുള്ളൂ. എന്നാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റി. കാസിനോ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ട്രംപ് ഷട്ടിൽ എയർലൈൻസും നഷ്ടത്തിലായി. ട്രംപ് താജ്മഹൽ, ട്രംപ് കാസിൽ, ട്രംപ് പ്ലാസ എന്നീ വലിയ കാസിനോകൾക്കുനേരെ പാപ്പർ സ്യൂട്ടടിച്ചു. ബാങ്കുകൾ ട്രംപിന്റെ പല സ്ഥാപക ജംഗമ വസ്തുക്കളും ജപ്തി ചെയ്തു.
ട്രംപ് എന്ന ബ്രാൻഡ്
സാമ്പത്തികമായി തകർന്നെങ്കിലും ട്രംപിന്റെ ബ്രാൻഡ് വാല്യു മനസിലാക്കിയ ബാങ്കുകൾ അദ്ദേഹത്തിന്റെ പേര് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. ഇത് സാമ്പത്തികമായി ട്രംപിനും ഗുണകരമായി. പലർക്കും അദ്ദേഹം ട്രംപ് എന്ന ബ്രാൻഡ് നെയിം നൽകി. ന്യൂയോർക്കിൽ ഇന്നുള്ള പല കെട്ടിടങ്ങൾക്കും ട്രംപിന്റെ പേരാണെങ്കിലും ഇതിൽ പലതുമായും അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. ന്യൂയോർക്ക് സിറ്റിയിൽ മാത്രം 17 കെട്ടിടങ്ങൾക്ക് ഇന്നും ട്രംപിന്റെ പേരാണ്. ഇതിൽ അഞ്ചെണ്ണം മാത്രമാണ് അദ്ദേഹത്തിന്റേതായുള്ളത്. ട്രംപ് ഇന്റർനാഷണൽ എന്ന പേരിൽ ഹോട്ടലുമുണ്ട്. ഇന്ത്യയിലും അദ്ദേഹത്തിന്റെ പേരിൽ സ്ഥാപനങ്ങളുണ്ട്. പൂനെ, മുംബയ്, ഗുഡ്ഗാവ്, കൊൽക്കത്ത തുടങ്ങിയയിടങ്ങളിൽ ട്രംപിന്റെ പേരിൽ ടവറുകളും ഹോട്ടലുകളുണ്ട്.
റിയാലിറ്റി ഷോയിലൂടെ റീ എൻട്രി
2000 മുതൽ രാഷ്ട്രീയത്തിൽ സജീവമാണ് ട്രംപ്. എന്നാൽ 2004ലെ അപ്രന്റൈസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം ഗംഭീര തിരിച്ചുവരവ് നടത്തിയത്. പരിപാടിയുടെ സഹ നിർമ്മാതാവും അവതാരകനും എല്ലാം ട്രംപ് തന്നെ. വ്യാഴാഴ്ച രാത്രികളിൽ ഒരു മണിക്കൂർ നേരം സംപ്രേഷണം ചെയ്തിരുന്ന പരിപാടി സൂപ്പർ ഹിറ്റായി. 13 വർഷത്തോളം തകർത്തോടിയ ഈ ഷോയിലൂടെയാണ് ട്രംപ് അമേരിക്കൻ ജനതയുടെ മനസിലും ഇടംപിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |