തിരുവനന്തപുരം: ചന്ദ്രനിലേക്ക് നേരിട്ട് പറക്കാനും ഇന്ത്യക്കാരെ ചന്ദ്രനിൽ ഇറക്കി തിരിച്ചെത്തിക്കാനും ഉഗ്രശേഷിയുള്ള കൂറ്റൻ റോക്കറ്റ് ഐ.എസ്.ആർ.ഒ ഒരുക്കുന്നു - സൂര്യ.
നെക്‌സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻ.ജി.എൽ.വി) എന്ന പുതുതലമുറ റോക്കറ്റിന് ചന്ദ്രനിൽ എത്താൻ നൂറ് മണിക്കൂർ മതി. ഭൂമിയിലേക്ക് തിരിച്ചും പറക്കും. ആയിരം കോടിയിലേറെ രൂപ ചെലവിട്ടാണ് റോക്കറ്റ് വികസിപ്പിക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ പരീക്ഷണത്തിന് തയ്യാറാവും. 2040ഓടെ ഈ റോക്കറ്റിൽ ഇന്ത്യക്കാരെ ചന്ദ്രനിൽ ഇറക്കാമെന്നാണ് പ്രതീക്ഷ.
936 ലേറെ മണിക്കൂറിലാണ് (39 ദിവസം ) ചന്ദ്രയാൻ ഒന്നും രണ്ടും മൂന്നും പേടകങ്ങൾ ചന്ദ്രനിലെത്തിയത്. ശക്തികുറഞ്ഞ റോക്കറ്റാണ് ഈ കാലതാമസത്തിന് കാരണം. അമേരിക്കയുടെയും മറ്റും ശക്തിയേറിയ റോക്കറ്റുകൾ വെറും 69 മണിക്കൂറിൽ
3.69ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ അടുത്ത് പേടകം എത്തിക്കും. ഇതിന്റെ എൻജിനുകൾക്ക് മൂന്ന് സ്റ്റേജുണ്ട്. ആദ്യ സ്റ്റേജുകളിൽ പുതിയ മീഥെയിൻ - ദ്രവ ഓക്സിജൻ എൻജിൻ.മൂന്നാം സ്റ്റേജിൽ ക്രയോജനിക് എൻജിൻ.
ഇന്ത്യൻ വിക്ഷേപണം ഇപ്പോൾ
ജി.എസ്.എൽ.വി റോക്കറ്റിൽ ബഹിരാകാശത്ത് എത്തിക്കുന്ന പേടകം ഭൂമിയെ വലംവയ്‌ക്കും.ക്രമേണ ഭ്രമണപഥം വലുതാക്കി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി അവിടെ വലംവയ്‌ക്കും. ആ ഭ്രമണപഥം ചെറുതാക്കി ചന്ദ്രനോട് അടുക്കും. ഇതിന് ദിവസങ്ങളെടുക്കും.
നാല് റോക്കറ്റുകൾ
സൂര്യ വരുന്നതോടെ ഇന്ത്യയ്‌ക്ക് നാല് വ്യത്യസ്ത റോക്കറ്റുകളുണ്ടാകും. എസ്.എസ്.എൽ.വി ചെറുറോക്കറ്റ്, പി.എസ്.എൽ.വി. ഇടത്തരം റോക്കറ്റ്, ജി.എസ്.എൽ.വി വൻകിട റോക്കറ്റ് എന്നിവയാണ് നിലവിൽ. നാല് ടൺ പേലോഡ് ജിയോ ട്രാൻസ്‌ഫർ ഓർബിറ്റിലും 10ടൺ പേലോഡ് ലോ എർത്ത് ഓർബിറ്റിലും എത്തിക്കുന്ന ജി.എസ്.എൽ.വിയുടെ പരിഷ്ക്രിച്ച എൽ.വി.എം.3 ആണ് ഏറ്റവും ശക്തിയുള്ള റോക്കറ്റ്.
അമേരിക്കയുടെ ഫാൽക്കൺ 9ഉം അതിന്റെ കൂടുതൽ കരുത്തുള്ള ഫാൽക്കൺ ഹെവിയുമാണ് ഇപ്പോൾ ലോകത്തെ ശക്തിയേറിയ റോക്കറ്റുകൾ. യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ ഏരിയൻ, റഷ്യയുടെ അംഗാര, സൂയസ്, ചെെനയുടെ ലോംഗ് മാർച്ച് തുടങ്ങിയ കൂറ്റൻ റോക്കറ്റുകളുടെ ശ്രേണിയിലേക്കാണ് എൻ.ജി.എൽ.വിയുമായി ഇന്ത്യ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |