സുപ്രീംകോടതിയുടെ സുപ്രധാന വിധി
ന്യൂഡൽഹി: ഉചിതമായ നഷ്‌ടപരിഹാരം നൽകാതെ സ്വകാര്യ ഭൂമി സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം വൈകിയാൽ, വിതരണം ചെയ്യുമ്പോഴത്തെ മാർക്കറ്റ് വില നൽകേണ്ടിവരും. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
ബംഗളൂരു - മൈസൂർ കോറിഡോറിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്‌ടപരിഹാരം അനുവദിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഗണിക്കുകയായിരുന്നു കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 നൽകുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് വിധിയെഴുതിയത്.
ബംഗളൂരു - മൈസൂർ കോറിഡോർ കേസിൽ 22 വർഷമായിട്ടും ഉചിതമായ നഷ്‌ടപരിഹാരം നൽകാത്തതിനെ സുപ്രീംകോടതി വിമർശിച്ചു. കർണാടക സർക്കാർ, കർണാടക വ്യാവസായിക മേഖല വികസന ബോർഡ് തുടങ്ങിയവർക്ക് അലസ മനോഭാവമാണ്. 2003ലാണ് ഭൂമിയേറ്റെടുത്തത്. അന്ന് നഷ്ടപരിഹാര ഉത്തരവിറക്കിയില്ല. തുടർന്ന് ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചു. 2003ലെ വില നിശ്ചയിച്ച് 2019ൽ ഉത്തരവിറക്കി. ഇതിനെ ചോദ്യംചെയ്താണ് ഹർജികൾ സുപ്രീംകോടതിയിലെത്തിയത്. 2019ലെ വിപണി വിലപ്രകാരം നഷ്‌ടപരിഹാരം ഉടമകൾക്ക് അനുവദിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
സ്വത്തവകാശം
മനുഷ്യാവകാശം
ക്ഷേമരാഷ്ട്രത്തിൽ സ്വത്തവകാശം മനുഷ്യാവകാശമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഭരണഘടനയിലെ അനുച്ഛേദം 300 എ പ്രകാരം മൗലികാവകാശവും. ഭൂമിയേറ്റെടുത്ത ശേഷവും ഉടമകൾക്ക് നഷ്‌ടപരിഹാരം വൈകുന്നത് ഭരണഘടനയുടെ അന്തസത്തയ്‌ക്കും ക്ഷേമരാഷ്ട്ര സങ്കൽപത്തിനും വിരുദ്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |