SignIn
Kerala Kaumudi Online
Friday, 27 February 2026 2.26 AM IST

ഗതിനിർണയ ഉപഗ്രഹത്തെ കുടുക്കിയത് കണക്ഷൻ വയർ,​ കാരണം വെളിപ്പെടുത്തി ഐ.എസ്.ആർ.ഒ

Increase Font Size Decrease Font Size Print Page
nvs2

തിരുവനന്തപുരം: ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം എൻ.വി.എസ് 02 ബഹിരാകാശത്ത് കുടുങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ഐ.എസ്.ആർ.ഒ. സന്ദേശം കൈമാറുന്ന കണക്ഷൻവയർ മുറിഞ്ഞതിനാലാണിതെന്നാണ് വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് എൻ.വി.എസ് 02 ഉപഗ്രഹം ഐ.എസ്.ആർ.ഒ ഉപേക്ഷിച്ചിരുന്നു. അതിനുശേഷം തുടർച്ചയായി രണ്ട് പി.എസ്.എൽ.വി റോക്കറ്റ് വിക്ഷേപണ ദൗത്യങ്ങൾ പരാജയപ്പെട്ടത് വിവാദമായതോടെയാണ് അതിനുമുമ്പുണ്ടായ പരാജയത്തിന്റെ കാരണം വെളിപ്പെടുത്താൻ ഐ.എസ്.ആർ.ഒ നിർബന്ധിതരായത്.

2025 ജനുവരി 29നാണ് ജി.എസ്.എൽ.വി എഫ് 15 റോക്കറ്റിൽ എൻ.വി.എസ് 02 ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണം വിജയമായിരുന്നു. എന്നാൽ എത്ര ശ്രമിച്ചിട്ടും വിക്ഷേപണ സ്ഥലത്തുനിന്ന് ഉയർത്തി ഉപഗ്രഹത്തെ ശരിയായ ഭ്രമണപഥത്തിലേക്ക് എത്തിക്കാനായില്ല. ഐ.എസ്.ആർ.ഒ വികസിപ്പിച്ച പൈറോ സിസ്റ്റം ഉപയോഗിച്ചാണ് ഉപഗ്രഹങ്ങളെ ഉയർത്തുന്നതും താഴ്ത്തുന്നതും നിശ്ചിത ഭ്രമണപഥങ്ങളിലേക്ക് തള്ളിമാറ്റുന്നതും. ഇതിനായി ഉപഗ്രഹത്തിൽ വൈദ്യുത സർക്യൂട്ടുകളും സിഗ്നൽ സ്വീകരിക്കുന്ന സംവിധാനങ്ങളുമുണ്ട്. അതിൽ നിന്ന് വാൽവുകളിലേക്ക് സ്വയംപ്രവർത്തിക്കുന്ന സിഗ്നൽ സർക്യൂട്ടുകളുമുണ്ടാകും. ഉപഗ്രഹത്തിലെ ഇന്ധനം നിറച്ച ത്രസ്റ്ററുകളെന്ന ചെറുറോക്കറ്റ് മാതൃകയിലുള്ള സംവിധാനം ജ്വലിപ്പിച്ചാണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് നീക്കുന്നത്. ഇതിനായി ഭൂമിയിൽ നിന്ന് നിർദ്ദിഷ്ട സമയങ്ങളിൽ സന്ദേശം നൽകും. എന്നാൽ ഉപഗ്രഹം സോളാർ പാനലുകൾ വിടർത്തുകയും ഭൂമിയിലെ നിയന്ത്രണ കേന്ദ്രമായ ഇസ്ട്രാക്കിലേക്ക് സന്ദേശം അയയ്ക്കുകയും ചെയ്തെങ്കിലും കൃത്യമായ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരാനായില്ല.

എൻ.വി.എസിന്റെ ഭ്രമണപഥം ഉയർത്തുന്നതിന് ത്രസ്റ്ററുകൾ ജ്വലിപ്പിക്കാൻ നൽകിയ സന്ദേശം സിഗ്നൽ സ്വീകരിക്കുന്ന കേന്ദ്രത്തിൽ നിന്ന് പൈറോ സംവിധാനത്തിലേക്കും അതുവഴി ജ്വലനത്തിന് ഇലക്ട്രിക് ഇഗ്നേറ്റ് ചെയ്യുന്ന വാൽവിലേക്കും എത്തിയില്ല. സിഗ്നൽ സ്വീകരിക്കുന്ന കേന്ദ്രത്തിൽ നിന്ന് പൈറോ വാൽവിലേക്കുള്ള കണക്ഷൻ വയർ മുറിഞ്ഞുപോയതാണെന്നാണ് ഇതിനു കാരണമായി ഐ.എസ്.ആർ.ഒ വെളിപ്പെടുത്തിയത്.

എൻ.വി.എസ് 02

ഇന്ത്യയുടെ സ്വന്തം ജി.പി.എസ് ആയ നാവിക് ശൃംഖലയുടെ ഭാഗമാകേണ്ടിയിരുന്ന പുതുതലമുറ ഗതിനിർണയ ഉപഗ്രഹമായിരുന്നു എൻ.വി.എസ് 02. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐ.എസ്.ആർ.ഒയുടെ നൂറാമത്തെ വിക്ഷേപണ ദൗത്യമായിരുന്നു ഇത്.

പിഴവ് തിരുത്തി

ഭൂമിയിൽ നിന്ന് 35,785കിലോമീറ്റർ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലാണ് എൻ.വി.എസ് 02വിനെ എത്തിക്കേണ്ടിയിരുന്നത്. അതാണ് പരാജയപ്പെട്ടത്. പിന്നീടുള്ള വിക്ഷേപണങ്ങളിൽ ഈ പിഴവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചെന്നും കഴിഞ്ഞവർഷം നവംബർ രണ്ടിന് സി.എം.എസ് 03 ഉപഗ്രഹം ജി.എസ്.എൽ.വി.എം 5ൽ വിക്ഷേപിച്ചപ്പോൾ ഇത് ആവർത്തിക്കാതെ നോക്കുന്നതിൽ വിജയിച്ചെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.

TAGS: NEWS 360, NATIONAL, NATIONAL NEWS, ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.