
ന്യൂഡൽഹി: എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ ഹിമാചൽ പ്രദേശിൽ പോയി അറസ്റ്ര് ചെയ്‌ത മൂന്ന് യൂത്ത് കോൺഗ്രസുകാരെ ഡൽഹിയിലെത്തിക്കാൻ പെടാപാട് പെട്ട്
ഡൽഹി പൊലീസ്. ബുധനാഴ്ച പുലർച്ചെ തുടങ്ങിയ ഹൈ വോൾട്ടേജ് പിരിമുറുക്കം ഇന്നലെ രാവിലെയാണ് അവസാനിച്ചത്. 24 മണിക്കൂർ നീണ്ട നാടകീയതയിൽ പലവട്ടം ഡൽഹി പൊലീസും ഹിമാചൽ പൊലീസും മുഖാമുഖം തർക്കിച്ചു. മറ്റൊരു സംസ്ഥാനത്തുനിന്ന് പ്രതികളെ കൊണ്ടുപോകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ഡൽഹി പൊലീസ് പാലിച്ചില്ലെന്നാണ് ഹിമാചൽ പൊലീസ് പറയുന്നത്. ഡൽഹി പൊലീസിലെ 20ൽപ്പരം ഉദ്യോഗസ്ഥക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. 5 മണിക്കൂറോളം ഡൽഹി പൊലീസ് സംഘത്തെ തടഞ്ഞുവച്ചു. ഷിംലയിലെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ട്രാൻസിറ്റ് റിമാൻഡ് നൽകിയതോടെയാണ് പ്രവർത്തകരുമായി രാജ്യതലസ്ഥാനത്തേക്ക് തിരിക്കാൻ ഡൽഹി പൊലീസിന് കഴിഞ്ഞത്. ഡിജിറ്റൽ തെളിവുകൾ ഹിമാചൽ പാെലീസ് ആവശ്യപ്പെട്ടെങ്കിലും കൈമാറിയില്ലെന്ന് ഡൽഹി പൊലീസ് എ.സി.പി രാഹുൽ വിക്രം പ്രതികരിച്ചു. ഷിംല പൊലീസ് നിയമപരമായി അപേക്ഷ നൽകിയാൽ മാത്രമേ കൈമാറാൻ കഴിയുകയുള്ളു. ഇന്നലെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ സൗരഭ്, സിദ്ധാർത്ഥ്, അർബാസ് എന്നിവരെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
1.ബുധനാഴ്ച പുലർച്ചെ ഹിമാചൽ രോഹ്‌രുവിലെ റിസോർട്ടിൽ നിന്ന് പ്രവർത്തകരെ മഫ്‌തിയിലെത്തിയ ഡൽഹി പൊലീസിലെ ക്രൈബ്രാഞ്ച് വിഭാഗം പിടികൂടി
2.അതിഥികളെ ചിലർ പിടിച്ചുകൊണ്ടുപോയെന്ന റിസോർട്ടിന്റെ പരാതിയിൽ തട്ടിക്കൊണ്ടുപോകലിന് ഹിമാചൽ പൊലീസ് കേസെടുത്തു
3.ഷിംലയ്‌ക്കു സമീപം സോളനിൽ വച്ചു ഡൽഹി പൊലീസ് സംഘത്തെ തടഞ്ഞു
4.ഷിംലയിലെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പ്രവർത്തകരെയും അന്വേഷണസംഘത്തെയും ഹാജരാക്കി
5.പ്രവർത്തകരെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയരാക്കി ഇന്നലെ പുലർച്ചെ 01.30ന് വീണ്ടും കോടതിയിലെത്തിച്ചു
6.ട്രാൻസിറ്ര് റിമാൻഡ് അനുവദിച്ചതോടെ പ്രവർത്തകരെയും കൊണ്ട് അന്വേഷണസംഘം ഡൽഹിക്ക്
7.രാവിലെ ഷിംലയിലെ കൻലോഗിൽ വീണ്ടും തടഞ്ഞു
8.പ്രവർത്തകരെയും കൊണ്ട് കുറച്ചുപേർക്കു പോകാമെന്നും ബാക്കിയുള്ളവർ കേസ് അന്വേഷണവുമായി സഹകരിക്കാൻ സ്ഥലത്ത് തുടരണമെന്നും ഹിമാചൽ പൊലീസ്. വീണ്ടും തർക്കം.
9.അവിടെ നിന്നു പോകാൻ അനുവദിച്ചെങ്കിലും പുലർച്ചെ 4ന് ഷോഗി ബോർഡറിലും തടഞ്ഞു.
10.പ്രവർത്തകരിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ അടക്കമുള്ളവയുടെ വിവരമടങ്ങിയ രേഖയുടെ പകർപ്പ് ഡൽഹി പൊലീസ് കൈമാറിയതോടെ തർക്കം അവസാനിച്ചു.
ഇത് ഉത്തര
കൊറിയ അല്ല
ഇത് ഇന്ത്യയാണ്, ഉത്തര കൊറിയ അല്ലെന്ന് കോൺഗ്രസ് നേതാവ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ ആത്മാവാണ്, കുറ്റകൃത്യമല്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇന്നലെ കോൺഗ്രസിന്റെ ഡൽഹി ഘടകവും യൂത്ത് കോൺഗ്രസും സംയുക്തമായി ഡൽഹിയിലെ യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത് സത്യാഗ്രഹസമരം സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |