SignIn
Kerala Kaumudi Online
Friday, 27 February 2026 2.27 AM IST

വിവാദ പാഠപുസ്തകം നിരോധിച്ച് സുപ്രീംകോടതി,​ "ജുഡിഷ്യറിക്ക് വെടിയേറ്റു"

Increase Font Size Decrease Font Size Print Page
sc

ന്യൂഡൽഹി: ജുഡിഷ്യറിയിലെ അഴിമതി പരാമർശിക്കുന്ന വിവാദ എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകം സുപ്രീംകോടതി നിരോധിച്ചു. ജുഡിഷ്യറിക്ക് നേരെ വെടിയുതിർത്തിരിക്കുകയാണ്. ചോരയൊഴുകുന്നു, തുടങ്ങി വൈകാരിക പ്രതികരണങ്ങളോടെയാണ് പരമോന്നത കോടതിയുടെ നടപടി.

ആഴത്തിൽ അന്വേഷിക്കണം. ഉത്തരവാദികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. ഇത്തരം നീക്കങ്ങൾ അനുവദിച്ചാൽ ജു‌ഡിഷ്യറിയുടെ പവിത്രത ഇല്ലാതാകുമെന്നും നിരീക്ഷിച്ചു. അപകീർത്തിപ്പെടുത്തിയത് കൂടുതൽ പ്രചരിക്കാതിരിക്കാനാണ് സമ്പൂർണ നിരോധനം. ബുക്ക് ഡിപ്പോകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അടിയന്തരമായി ഹാർഡ്,​ സോഫ്റ്റ് കോപ്പികൾ പിടിച്ചെടുക്കണം. കേന്ദ്രവും സംസ്ഥാനങ്ങളുമായി ചേർന്ന് എൻ.സി.ഇ.ആർ.ടി നടപടിയെടുക്കണം. ഇത് ഉറപ്പുവരുത്തി സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിമാർ രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണം. വീണ്ടും പ്രിന്റ് ചെയ്യാനോ, ഡിജിറ്റൽ വ്യാപനമോ പാടില്ല. സമൂഹ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌താൽ കർശനമായി നേരിടും.

സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച്.

വിവാദ പാഠഭാഗം പ്രഥമദൃഷ്‌ട്യാ ക്രിമിനൽ കോടതിയലക്ഷ്യമാണ്. എൻ.സി.ഇ.ആർ.ടി ഡയറക്‌ടർക്കും വിദ്യാഭ്യാസമന്ത്രാലയ സെക്രട്ടറിക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണം. പാഠഭാഗം തയ്യാറാക്കിയ വ്യക്തികളുടെ പേര് കൈമാറണം. പാഠഭാഗത്തെ കുറിച്ച് നടത്തിയ ചർച്ചകളുടെ മിനിട്സും ഹാജരാക്കണം.

പൊതുമുതൽ കക്കുന്നവരെ

കുറിച്ച് മിണ്ടാട്ടമില്ല

1 ജനാധിപത്യം ശക്തിപ്പെടുത്താൻ ജുഡിഷ്യറി നൽകുന്ന സംഭാവനകളെ കുറിച്ച് പാഠഭാഗത്തിൽ മിണ്ടാട്ടമില്ലെന്ന് കോടതി

2 അഴിമതി,​പൊതുഫണ്ട് ധൂർത്തടിക്കൽ എന്നിവയ്‌ക്ക് കോടതി നടപടി നേരിടുന്ന ഉന്നതരെക്കുറിച്ച് നിശബ്‌ദത. ഇത് ഭയാനകം

3 പാഠപുസ്‌തകത്തിലെ വാക്കുകളുടെയും പ്രയോഗങ്ങളുടെയും തിരഞ്ഞെടുക്കൽ അബദ്ധമായി കാണാൻ കഴിയില്ല

മാപ്പുപറച്ചിൽ

സത്യസന്ധമോ?

വിവാദ പാഠപുസ്‌തകം പിൻവലിച്ചെന്നും എൻ.സി.ഇ.ആർ.ടി പരസ്യമായി മാപ്പു പറഞ്ഞെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചെങ്കിലും സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല. മാപ്പു പറഞ്ഞത് സത്യസന്ധമായിട്ടാണോ, അതോ ക്രിമിനൽ നടപടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണോയെന്ന് പരിശോധിക്കും.

മോദിക്ക് അതൃപ്തി

വിവാദ പാഠഭാഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്‌തി പ്രകടിപ്പിച്ചുവെന്ന് റിപ്പോർട്ട്. അശ്രദ്ധമായാണോ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതരോട് ചോദിച്ചു. ഉത്തരവാദികളെ കണ്ടെത്താനും നിർദ്ദേശിച്ചു.

രണ്ടാമത്തെ ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനം ജുഡിഷ്യറിയാണെന്ന് 2007ൽ ട്രാൻസ്‌പരൻസി ഇന്റർനാഷണൽ എന്ന സംഘടന കണ്ടെത്തിയിരുന്നു. ചർച്ചകൾ അടിച്ചമർത്തുന്നത് അഴിമതിയെ കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുകയേ ഉള്ളൂ.

- അഡ്വ. പ്രശാന്ത് ഭൂഷൺ

സുപ്രീംകോടതി നിരീക്ഷണങ്ങളോട് യോജിക്കുന്നു. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കും. ഖേദം പ്രകടിപ്പിക്കുന്നു.

-ധർമ്മേന്ദ്ര പ്രധാൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

TAGS: NEWS 360, NATIONAL, NATIONAL NEWS, SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.